ലോകകപ്പ് കാണാൻ കാൽനട യാത്ര; സാന്റിയാഗോ സാഞ്ചസ് ഇറാനിൽ പിടിയിൽ
കുര്‍ദ് മനുഷ്യാവകാശ സംഘടനകളും യൂറോപ്യന് മാധ്യമങ്ങളും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലേക്കുള്ള കാല്‍നട യാത്രയ്ക്കിടെ കാണാതായ സ്പാനിഷ് പൗരന്‍ സാന്റിയാഗോ സാഞ്ചസ് ഇറാനില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ സാന്റിയാഗോയെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇറാന്റെ അതിര്‍ത്തി പ്രദേശമായ സാഖസില്‍ നിന്നും സാന്റിയാഗോയെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായാണ് വിവരം. അടുത്തിടെ ഇറാന്‍ മതകാര്യ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച കുര്‍ദ് യുവതി മഹ്സ അമിനിയെ സംസ്കരിച്ച സ്ഥലം സാന്റിയാഗോ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്.
കുര്‍ദ് മനുഷ്യാവകാശ സംഘടനകളും യൂറോപ്യൻ മാധ്യമങ്ങളും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സ്പാനിഷ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജനുവരിയില്‍ സ്പെയിനില്‍ നിന്നും ഖത്തറിലേക്ക് ലോകകപ്പ് കാണാന്‍ പുറപ്പെട്ട സാന്റിയാഗോ ഇറാഖ് അതിര്‍ത്തി കടന്നതിന് പിന്നാലെയാണ് അപ്രത്യക്ഷനായത്. യാത്രയുടെ വിവരങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അദ്ദേഹം എല്ലാദിവസവും സുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
Adjust Story Font
16