വെട്ടിപ്പൊളിച്ച വണ്ടിയുടെ പിൻസീറ്റിൽ ആ കുഞ്ഞുങ്ങളുടെ ചോക്ലേറ്റ് പൊതികളുണ്ടായിരുന്നു; സൗദിയിലെ വാഹനാപകടത്തിന്റെ കണ്ണീർ കാഴ്ച
കഴിഞ്ഞ ദിവസം സൗദിയിലെ ബിശ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തിലാണ് ബേപ്പൂർ സ്വദേശി ജാബിറും കുടുംബവും മരിച്ചത്. സ്ഥലം സന്ദർശിച്ച മീഡിയാവൺ വൺ സൗദി റിപ്പോർട്ടർ അഫ്താബുറഹ്‌മാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
- Updated:
2021-12-05 11:01:15.0
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി ജാബിറിനേയും മക്കളേയും വെള്ളപ്പൊതിയിൽ നിന്നും കണ്ടു. ഉപ്പയുടെ അടുത്തുള്ള ചൂടു വിട്ടു മാറാത്ത അവരെ മൂന്ന് പേരേയും ഉമ്മയേയും നാട്ടിലേക്കു കൊണ്ടു പോകാൻ തണുപ്പിച്ചു വെച്ചിരിക്കുന്നു. എന്തൊരു പരീക്ഷണമാണ് റബ്ബേ..
രാത്രി വൈകിയാണ് റിയാദിൽ നിന്നും 200 കി.മീ അകലെയുള്ള അൽറെയ്ൻ ആശുപത്രിയിൽ നിന്നും തിരികെയെത്തിയത്. നാട്ടിലുള്ള മോളേയും മോനേയുമാണ് ഓർമ വന്നത്.. പെൺകുഞ്ഞിന്റെ മുഖം കണ്ടതോടെ ബാക്കിയുള്ളവരെ കാണാതെ പുറത്തിറങ്ങി. ആശുപത്രിക്ക് ചുറ്റുമുള്ള മരുഭൂമി പോലും തണുത്ത് വിളറിയ പ്രതീതി. അവർ കിടക്കുന്ന മോർച്ചറിക്കകം പോലെ. അവരുടെ കുടുംബത്തിന് ക്ഷമ നൽകണേ നാഥാ..
അവിടെയെത്തിയ ശേഷം മലയാളികളാണ് പറഞ്ഞത്,, അത്രയേറെ അപകടം പിടിച്ച റോഡാണ് ബീശയിലേക്കുള്ളതെന്ന്. റിയാദിൽ നിന്നും മക്ക റോഡിൽ മുസാഹ്മിയയിൽ നിന്നും 13 കി.മീ കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാൽ ബീശ റോഡായി. അബഹയിലേക്കുള്ള വഴി കൂടിയാണിത്. ബീശയിലേക്കുള്ള ഷോട്ട് റോഡ്. പല ഭാഗത്തും വൺവേക്ക് പകരം ടൂവേയുണ്ട്. ഒട്ടകങ്ങൾ കയറുന്ന വഴി. രാത്രിയായാൽ വിജനത. കുറവാണ് സൗദിയിലിത്തരം റോഡുകൾ. ഓരോ അഞ്ച് കി.മീയിലും വേഗത കൂടാതിരിക്കാൻ കാണാതെയും കണ്ടും വെച്ച ക്യാമറകളുണ്ട്. പക്ഷേ സെക്കന്റുകളുടെ ലാഭത്തിന് ക്യാമറ കഴിഞ്ഞുള്ള അൽപ ദൂരം എല്ലാവരും അടിച്ചു മിന്നി വാഹനം പറത്തും. 120 ഉള്ളിടത്ത് അതേ വേഗത്തിലോ 125ലോ പറക്കും. 140 ഉള്ളിടത്ത് 145ൽ. ആകെ കൂട്ടുമ്പോൾ കിട്ടുന്ന ലാഭം അഞ്ചോ പത്തോ മിനിറ്റുകളാണ്. നഷ്ടമാകുന്നത് കുടുംബവും. എങ്കിലും സുരക്ഷക്ക് പകരം കുറുക്കു വഴികളും എളുപ്പവും നമ്മളന്വേഷിച്ചു കൊണ്ടേയിക്കും.
ഇവിടെ പക്ഷേ, കുടുംബവുമായി പോയ ജാബിർ അത്ര വേഗത്തിലല്ലായിരുന്നു എന്നാണ് കാഴ്ചക്കാർ പറയുന്നത്. പൊളിഞ്ഞ ലാൻഡ് ക്രൂയിസറിന്റെ മുൻഭാഗം അത്ര തകരണമെങ്കിൽ സൗദി യുവാവിന്റെ വാഹനം നല്ല വേഗതയിൽ ആയിരിക്കണം. ട്രാഫിക് റിപ്പോർട്ടും പറയുന്നത് സൗദിയുടെ വാബനം റോങ് സൈഡിൽ വന്നെന്നാണ്. അദ്ദേഹവും അപകടത്തിൽ മരിച്ചിരുന്നു.
നേർക്കുനേർ ഇടിച്ചതോടെ ജാബിറിന്റെ വാഹനത്തിന്റെ മുൻവശം ഇടിഞ്ഞ് പിൻ സീറ്റിലുണ്ട്. കുഞ്ഞുമക്കൾ ഏറെ നേരം ആ വേദനയനുഭവിച്ചു കാണണം. അവരെ പുറത്തിറക്കാൻ വെട്ടിപ്പൊളിച്ച, വണ്ടിയുടെ പിറകിൽ ചോക്ലേറ്റ് പൊതികളുണ്ട്. ഒന്നര മാസം മുമ്പ് വന്ന മക്കൾക്ക്, യാത്രയിൽ ഉപ്പച്ചി വാങ്ങിക്കൊടുത്തതാകാം
സൗദിയിലെ വാഹനാപകട വാർത്തകളിൽ കുടുംബം ചിതറിപ്പോകാറാണ് പതിവ്. ഒന്നുകിൽ മക്കൾ ബാക്കിയാകും. അല്ലെങ്കിൽ ഉമ്മയോ ഉപ്പയോ ബാക്കിയാകും അങ്ങിനെയൊക്കെ. ഇവർക്ക് പക്ഷേ ഒന്നിച്ചു മടങ്ങാനായിരുന്നു പടച്ചവന്റെ നിശ്ചയം. ഉപ്പയും ഉമ്മയും മക്കളും പടച്ചവന്റെ തോട്ടത്തിൽ ഒന്നിച്ചിരിക്കട്ടെ..
വേദനിച്ചിരിക്കാൻ അവരഞ്ചു പേരിൽ ആരേയും പടച്ചവൻ ബാക്കിയാക്കിയില്ലല്ലോ.
തിരികെ പോരാനിരിക്കെ നാല് ആംബുലൻസുകൾ കൂടി വന്നു. അതിൽ രണ്ടെണ്ണം മൃതദേഹങ്ങളാണെന്ന് അവിടെ കൂടിയവർ പറഞ്ഞു. ഒരു സ്ത്രീയേയും പെൺകുട്ടിയേയും ജീവനോടെയും ഉള്ളിലേക്ക് കൊണ്ടു പോകുന്നുണ്ട്. വാഹനം ഇടിച്ചു കത്തിയതാണെന്ന് അവിടെയുള്ളവർ പറയുന്നുണ്ടായിരുന്നു. വേഗതയെത്ര വേഗമാണ് നമ്മളെ, കുടുംബത്തെ, ജീവിതത്തെ, സമാധാനത്തെ ഇല്ലാതാക്കുന്നത്. ക്ഷമ റോഡിലും ഏറെ പ്രധാനമാണ് കൂട്ടരേ.
Adjust Story Font
16