2030ലെ വേൾഡ് എക്സ്പോക്ക് ആതിഥേയയ്വം വഹിക്കാൻ 7.8 ബില്യൺ ഡോളർ അനുവദിച്ച് സൗദി
സൗദിക്ക് പുറമെ മറ്റ് മൂന്ന് രാജ്യങ്ങൾ കൂടി വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്
ജിദ്ദ: 2030 ലെ വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനായി 7.8 ബില്യൺ ഡോളർ അനുവദിച്ച് സൗദി അറേബ്യ. അടുത്ത നവംറിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ വെച്ചാണ് ആതിഥേയ രാജ്യത്തെ തെരഞ്ഞെടുക്കുക. സൗദിക്ക് പുറമെ മറ്റ് മൂന്ന രാജ്യങ്ങൾ കൂടി വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.
സൗദിക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഉക്രൈൻ, എന്നീ രാജ്യങ്ങളും വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനായി ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് ആതിഥേയത്വം വഹിക്കാനായി 7.8 ബില്യൺ ഡോളർ അനുവദിച്ചുകൊണ്ടുള്ള സൗദിയുടെ പ്രഖ്യാപനം. എക്സ്പോക്ക് ആതിതേയത്വം വഹിക്കാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുന്നതിനിടെ പാരീസിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുകയും ചെയ്തു. 179 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്.
സൗദി അറേബ്യ ഉൾപ്പെടെ എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനായി ശ്രമിക്കുന്ന നാല് രാജ്യങ്ങളും തങ്ങളുടെ ഔദ്യോഗിക ഫയലുകൾ സമർപ്പിച്ചു കഴിഞ്ഞു. സൗദിയുടെ അപേക്ഷ പരിഗണിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ പ്രത്യേക കമ്മറ്റി സൌദിയിലെത്തി പരിശോധന നടത്തിയിരുന്നു. അടുത്ത നവംബറിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ അംഗ രാജ്യങ്ങൾ രഹസ്യ ബാലറ്റിലൂടെയാണ് ആതിഥേയ രാജ്യത്തെ തെരഞ്ഞെടുക്കുക. 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെ റിയാദിൽ വെച്ച് എക്സ്പോ നടത്താനാണ് സൌദിയുടെ തീരുമാനം. 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെ ജപ്പാനിൽ വെച്ചാണ് അടുത്ത എക്സ്പോ അരങ്ങേറുക.
Adjust Story Font
16