സൗദി വാതിൽ തുറന്നത് 20 രാഷ്ട്രങ്ങൾക്ക്; കൂടുതൽ ഇളവുകളിൽ പ്രതീക്ഷ
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 14നാണ് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്
ജിദ്ദ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിരോധനത്തിൽ സൗദി ഇളവു നൽകിയത് ഇന്ത്യയടക്കം ഇരുപത് രാഷ്ട്രങ്ങൾക്ക്. യുഎഇ, ഈജിപ്ത്, ലെബനൻ, തുർക്കി, യുഎസ്, യുകെ, ജർമനി, ഫ്രാൻസ്, ഇറ്റലി, ഐർലൻഡ്, പോർച്ചുഗൽ, സ്വിറ്റ്‌സർലാൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്റീന, ദക്ഷിണാഫ്രിക്ക, ഇന്തൊനേഷ്യ, പാകിസ്താൻ, ജപ്പാൻ രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഇളവു പ്രഖ്യാപിച്ചതെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസും സൗദിയിൽ നിന്ന് നേരിട്ട് പൂർത്തീകരിച്ച, സൗദി ഇഖാമ ഉള്ളവർക്കാണ് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചത്.
തിരിച്ചുവരുന്നവർ കർശനമായ കോവിഡ് സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്ന് കോൺസുലർ അഫയേഴ്‌സ് ഏജൻസി ആവശ്യപ്പെട്ടു. ഇതുവരെ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമാണ് പ്രവാസികൾ സൗദിയിലെത്തിയിരുന്നത്. ദോഹ, ദുബൈ എന്നിവിടങ്ങളാണ് യാത്രക്കാർ ട്രാൻസിറ്റ് ഹബ്ബായി ഉപയോഗിച്ചിരുന്നത്.
Residents coming from countries from which entry was previously suspended, who completed taking the two doses of the COVID-19 vaccine in the Kingdom before departure are allowed to return.#Ministry_of_Interior pic.twitter.com/JV40s5hYmX
— الجوازات السعودية (@AljawazatKSA) August 24, 2021
കോവിഡ് വ്യാപിച്ചതിനെ തുടർന്ന് 2020 മാർച്ച് 14നാണ് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്. പുതിയ തീരുമാന പ്രകാരം രണ്ട് ഡോസ് വാക്‌സിനെടുത്ത് നാട്ടിൽ പോയ പ്രവാസികൾക്ക് സൗദിയിലേക്ക് നേരിട്ടു മടങ്ങാനാകും. എന്നാൽ സൗദിയിൽ നിന്ന് ഒരു ഡോസ് വാക്‌സിനെടുത്തവർക്കും നാട്ടിൽ നിന്നു വാക്‌സിനെടുത്തവർക്കും തീരുമാനം ബാധകമാകില്ല. എന്നാൽ ഇക്കാര്യത്തിലും വൈകാതെ ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
എന്നാൽ എപ്പോൾ മുതലാണ് നിയന്ത്രണങ്ങൾ നീക്കുക എന്നതിൽ ഇതുവരെ വ്യക്തതയില്ല. പൂർണവിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
Adjust Story Font
16