ലൈംഗികാതിക്രമക്കേസിൽ സൗദിയിൽ പുതിയ ശിക്ഷാരീതി നടപ്പാക്കി
സൗദിയിലെ കേസുകളിൽ പ്രതികളുടെ വിവരങ്ങൾ പരമാവധി രഹസ്യമായി സൂക്ഷിക്കാറുണ്ട്. എന്നാൽ ലൈംഗിക പീഡനക്കേസുകളിൽ ഇതുണ്ടാകില്ല.
ലൈംഗികാതിക്രമക്കേസിൽ സൗദിയിൽ പുതിയ ശിക്ഷാരീതി നടപ്പാക്കി. പ്രതിയുടെ പേരുവിവരങ്ങളും പടവും പ്രസിദ്ധപ്പെടുത്തുന്നതാണ് രീതി. മന്ത്രിസഭ അംഗീകാരം നൽകിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ വിധി ഇന്ന് മദീനയിലെ ക്രിമിനൽ കോടതി പുറത്തിറക്കി. ശിക്ഷക്ക് പുറമെയാണ് ഈ നടപടി.
ഏറ്റവും കടുത്ത ശിക്ഷയാണ് സൗദിയിൽ ലൈംഗിക പീഡനക്കേസുകളിൽ നൽകാറുള്ളത്. ഇതിന് പുറമെയാണ് പ്രതിയുടെ പേരും വിവരങ്ങളും പരസ്യമായി പ്രഖ്യാപിക്കുക. സൗദിയിലെ കേസുകളിൽ പ്രതികളുടെ വിവരങ്ങൾ പരമാവധി രഹസ്യമായി സൂക്ഷിക്കാറുണ്ട്. എന്നാൽ ലൈംഗിക പീഡനക്കേസുകളിൽ ഇതുണ്ടാകില്ല. മദീനയിൽ റിപ്പോർട്ട് ചെയ്ത ലൈംഗികാതിക്രമക്കേസിൽ ഇത്തരത്തിൽ ആദ്യ വിധി നടപ്പാക്കി. മദീനയിലെ ക്രിമിനൽ കോടതിയാണ് സൗദി പൗരന് എട്ട് മാസം തടവും 5,000 റിയാൽ പിഴയും വിധിച്ചത്.
ഇതിനുപുറമെ പ്രതിയുടെ പേരു വിവരങ്ങൾ സചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവിടും. കേസുകളുടെ ഗൗരവവും സ്വഭാവവും പരിഗണിച്ചാണ് വിധിയുണ്ടാവുക. തെറ്റായ പീഡന പരാതികൾ നൽകുന്നവർക്കെതിരെയുള്ള വകുപ്പുകളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021 ജനുവരിയിലാണ്, കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് പീഡന വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ ആറിലേക്ക് ഒരു പുതിയ ഭേദഗതി കൂടി ചേർത്തത്. മോശമായ ചിഹ്നം കാണിക്കൽ, വാക്കുകൾ, അതിക്രമം, സോഷ്യൽ മീഡിയാ അവഹേളനം എന്നിവയെല്ലാം ലൈംഗികാതിക്രമ പരിധിയിൽ പെടും.
Adjust Story Font
16