11 വിഭാഗം വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്കു തുല്യമായ ചികിത്സ
ഗാര്‍ഹിക തൊഴിലാളികള്‍, തടവുകാര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക പരിഗണന ലഭിക്കുന്നവര്‍
പതിനൊന്ന് വിഭാഗം വിദേശികള്‍ക്ക് സൗദിയില്‍ സ്വദേശികള്‍ക്കു തുല്യമായ ചികിത്സയും ആരോഗ്യ പരിചരണവും ലഭ്യമാക്കുമെന്ന് യൂനിഫൈഡ് നാഷണല്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍, തടവുകാര്‍, സാമൂഹിക അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക പരിഗണന ലഭിക്കുന്നവര്‍.
രാജ്യത്ത് സ്വദേശി പൗരന്‍മാര്‍ക്കുള്ളതിനു തുല്യമായ മുഴുവന്‍ ആരോഗ്യ പരിചരണവും ചികിത്സയും ലഭിക്കുന്ന വിദേശികളുടെ പട്ടികയാണ് യൂനിഫൈഡ് നാഷണല്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കിയത്. സ്വദേശി പൗരന്‍മാരുടെ വിദേശികളായ ഭാര്യമാര്‍, സൗദി വനിതകളുടെ വിദേശികളായ ഭര്‍ത്താക്കന്‍മാര്‍, ഇവര്‍ക്കുണ്ടാകുന്ന മക്കള്‍, ഗാര്‍ഹിക ജീവനക്കാര്‍, തടവുകാര്‍, സാമൂഹിക അഭയ കേന്ദ്രങ്ങളിലെ വയോജനങ്ങള്‍, സര്‍ക്കാര്‍ ചിലവില്‍ ചികില്‍സാ സേവനം വ്യവസ്ഥ ചെയ്യുന്നതിന് തൊഴില്‍ കരാറില്‍ ഏര്‍പ്പെട്ടവര്‍, നിയമാനുസൃത താമസ രേഖയുള്ള ക്ഷയരോഗികള്‍, ഹജ്ജ്-ഉംറ തീര്‍ഥാടനത്തിനെത്തി അസുഖ ബാധിതരായവര്‍, രാജ്യത്തിന്റെ ദക്ഷിണ-പശ്ചിമ ഭാഗങ്ങളില്‍ കഴിയുന്ന യമന്‍ ഗോത്രക്കാര്‍ എന്നിവരുള്‍പ്പെടുന്നതാണ് പ്രത്യേക വിഭാഗങ്ങള്‍.
ഇവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നേരിട്ട് ചികിത്സാ സേവനങ്ങള്‍ തേടാന്‍ അനുവാദമുണ്ടാകും. ഇതിനുപുറമേ വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍, ആഗ്നിബാധയില്‍ പൊള്ളലേറ്റവര്‍, ശ്വാസതടസം നേരിട്ട് ജീവന്‍ അപകടത്തിലായവര്‍ എന്നിവരെ സര്‍ക്കാര്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗം വഴി ചികിത്സ തേടുന്നതിനും അനുവാദമുണ്ട്.
Adjust Story Font
16