അടിയന്തിര സഹായമായി 20 ലക്ഷം ഡോളര്‍; ഫലസ്തീനുള്ള സഹായം കൈമാറി സൗദി
സഹായം സൗദിയുടെ ജോര്‍ദാന്‍ അംബാസിഡര്‍,ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭ കമ്മീഷണര്‍ക്ക് കൈമാറി.
യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്കുള്ള അടിയന്തിര സഹായം സൗദി അറേബ്യ കൈമാറി. സൗദി ഫലസ്തീന് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തില്‍ നിന്നും ഒരു വിഹിതമാണ് അടിയന്തിരമായി കൈമാറിയത്. 20 ലക്ഷം ഡോളറിന്റെ ചെക്ക് ജോര്‍ദാനിലെ സൗദി അംബാസിഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍സുദൈരി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭ കമ്മീഷണര്‍ ഫിലിപ്പ് ലസാരിനിക്ക് കൈമാറി.
ഭക്ഷണം, മരുന്ന്, അവശ്യസേവനം എന്നിവ ലഭ്യമാക്കുന്നതിനാണ് സഹായം അനുവദിച്ചത്. സഹായം അനുവദിക്കുന്നതിലൂടെ ഫലസ്തീന് സൗദി നല്‍കുന്ന പിന്തുണയാണ് വ്യക്തമാകുന്നത്. ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും മാനുഷിക ലക്ഷ്യങ്ങളും കൈവരിക്കുകയാണ് ഇത് വഴി സൗദി ചെയ്യുന്നതെന്നും യു.എന്‍ കമ്മീഷണര്‍ വ്യക്തമാക്കി. നിലവില്‍ ഗുരുതരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഫലസ്തീന്‍ ജനതയെ പിന്തുണക്കാനും ഏജന്‍സിയുടെ ശ്രമങ്ങള്‍ക്ക് കരുത്തു പകരാനും യു.എന്‍ അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും കമ്മീഷണര്‍ ആഹ്വാനം ചെയ്തു.
Adjust Story Font
16