സൗദിയിലെ നിര്‍മ്മാണ മേഖലയില്‍ 25,40,000 തൊഴിലാളികള്‍; കൂടുതലും വിദേശികൾ
സ്വദേശികളായ മൂന്നര ലക്ഷം പേരാണ് നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുന്നത്
സൗദിയില്‍ ഇരുപത്തി അഞ്ച് ലക്ഷത്തിലധികം പേർ നിര്‍മ്മാണ മേഖലയില്‍ ജോലിയെടുക്കുന്നതായി കണക്കുകള്‍ പുറത്ത് വിട്ട് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ്. ഇവരില്‍ എണ്‍പത്തിയഞ്ച് ശതമാനവും വിദേശികളാണ്. സ്വദേശികളായ മൂന്നര ലക്ഷം പേരാണ് നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുന്നത്.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ തൊഴിലാളികളില്‍ ഇരുപത്തിയഞ്ച് ലക്ഷത്തി നാല്‍പ്പതിനായിരം പേര്‍ നിര്‍മ്മാണ കെട്ടിട മേഖലയില്‍ ജോലിയെടുക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇവരില്‍ 85.5 ശതമാനം 21 ലക്ഷത്തി എഴുപതിനായിരം പേര്‍ വിദേശികളും 368000 പേര്‍ സ്വദേശികളുമാണ്.
നിര്‍മ്മാണ മേഖലയിലെ വനിതാ സാനിധ്യം പുരുഷന്‍മാരെ അപേക്ഷിച്ച് വളരെ കുറവാണ്. ഇരുപത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറായിരം പേര്‍ പുരുഷന്‍മാരും ഒരു ലക്ഷത്തി അന്‍പത്തിനാലായിരത്തി ഇരുന്നൂറ് വനിതകളും ഈ മേഖലയില്‍ സേവനമനുഷ്ടിക്കുന്നു. റിയാദിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പന്ത്രണ്ട് ലക്ഷം. കിഴക്കന്‍ പ്രവിശ്യയില്‍ ആറ് ലക്ഷത്തി എഴുപത്തിമൂവായിരവും, മക്ക പ്രവിശ്യയില്‍ നാല് ലക്ഷത്തി നാല്‍പത്തി ഏഴായിരവും പേര്‍ തൊഴിലെടുക്കുന്നുണ്ട്.
Adjust Story Font
16