ഖത്തർ ഫിഫ 'ഹയ്യ' ടിക്കറ്റുള്ളവർക്ക് സൗദിയിലേക്ക് 60 ദിവസ വിസ
ഹയ്യ കാർഡുള്ളവർക്ക് ഖത്തറിലേക്ക് പോകാതെ തന്നെ നേരിട്ട് സൗദിയിലേക്ക് വരാം
റിയാദ്: നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തറിൽ നടക്കുന്ന 'ഫിഫ ലോകകപ്പ് 2022' സീസണിൽ 'ഹയ്യ' കാർഡ് കൈവശമുള്ളവർക്കെല്ലാം ഇനി സൗദിയിലെത്താം. ഇതിനായി സൗദി വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റ് വഴി അപേക്ഷ നൽകിയാൽ മതി. ഇൻഷുറൻസും ഇതിനൊപ്പം സ്വന്തമാക്കണം. ഇതോടെ ഫുട്ബാൾ പ്രേമികൾക്ക് സൗദിയിൽ 60 ദിവസം ഇതുപയോഗിച്ച് എവിടെയും കറങ്ങാം. ഹയ്യ കാർഡുള്ളവർക്ക് ഖത്തറിലേക്ക് പോകാതെ തന്നെ നേരിട്ട് സൗദിയിലേക്ക് വരാം. ഇവർക്ക് എത്ര തവണയും ഖത്തറിലേക്ക് പോവുകയും സൗദിയിലേക്ക് തിരികെ വരികയും ചെയ്യാം.
ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഡിജിറ്റൽ ആൾറൗണ്ട് പെർമിറ്റാണ് 'ഹയ്യ' കാർഡ്. ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ ശേഷം പ്രത്യേകം അപേക്ഷ നൽകിയാലാണ് ഇത് ലഭിക്കുക. മത്സര ദിവസങ്ങളിൽ ഖത്തറിൽ സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇതുവഴി ലഭിക്കും. വിസ അപേക്ഷയുടെ നടപടി ക്രമം മന്ത്രാലയം പിന്നീട് അറിയിക്കും. വിസാകാലയളവിൽ എത്രതവണ വേണമെങ്കിലും സൗദിയിൽ പ്രവേശിക്കാനും പുറത്തുപോകാനും അനുമതിയുണ്ടായിരിക്കും. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയുമില്ല. ഇതിനാൽ തന്നെ കര മാർഗമോ വിമാന മാർഗമോ ഫുട്ബോൾ പ്രേമികൾക്ക് സൗദിയിൽ നിന്നും ഖത്തറിലേക്ക് പോവുകയും ചെയ്യാം.
Adjust Story Font
16