സൗദി ചലച്ചിത്ര മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 879 മില്യൺ റിയാലിന്റെ ധനസഹായം
അനുവദിച്ച ഫണ്ടിന്റെ 70% ഉള്ളടക്ക വികസനത്തിനും നിർമ്മാണത്തിനും വിതരണത്തിനുമാണ് ഉപയോഗിക്കുക
സൗദി ചലച്ചിത്ര മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നിർമാണം വർധിപ്പിക്കുന്നതിനുമായി 879 മില്യൺ റിയാലിന്റെ ധനസഹായം പ്രഖ്യാപിച്ച് സൗദി ഭരണകൂടം. കൾച്ചറൽ ഡെവലപ്‌മെന്റ് ഫണ്ടിന്റെ (സിഡിഎഫ്) കീഴിൽ 'ഫിലിം സെക്ടർ ഫിനാൻസിങ് പ്രോഗ്രാം' സംഘടിപ്പിക്കാനും ധാരണയായി.
സിഡിഎഫ് സിഇഒ മുഹമ്മദ് ബിൻ ദയേലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്തെ സിനിമാ മേഖലയിൽ ഗുണപരമായ കുതിച്ചുചാട്ടത്തിനും മാറ്റത്തിനും സിനിമ സെക്ടർ ഫിനാൻസിങ് പ്രോഗ്രാം കാരണമാകും. താൽപര്യവും കഴിവുകളുമുള്ളവർക്ക് ഇത് ഗുണകരമാകും. ഇതിലൂടെ പ്രാദേശിക സിനിമാ നിർമ്മാതാക്കളെ പിന്തുണക്കാൻ സാധിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ കമ്പനികളെയും സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ് പ്രോഗ്രാമിന്റെ സാമ്പത്തിക പാക്കേജുകൾ. ഇതിലൂടെ ഈ മേഖലയിലെ മത്സരക്ഷമത വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുവദിച്ച ഫണ്ടിന്റെ 70% ഉള്ളടക്ക വികസനത്തിനും നിർമ്മാണത്തിനും വിതരണത്തിനുമാണ് ഉപയോഗിക്കുക. 30% മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയും നീക്കിവെക്കും. ഈ വർഷം തന്നെ ധനസഹായ അപേക്ഷക്കുള്ള നടപടികൾ മന്ത്രാലയം ആരംഭിക്കുന്നതാണ്.
Adjust Story Font
16