തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാത്രമെടുത്ത് മറ്റിടങ്ങളിൽ ജോലിക്ക് വിട്ടാൽ ലക്ഷം റിയാൽ പിഴ; സൗദിയിൽ കൂലിക്കഫീലുമാർക്ക് മുന്നറിയിപ്പ്
ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞു കയറ്റക്കാരെയും ഇത്തരക്കാർക്ക് സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നവരെയും കുറിച്ച് അറിയിക്കണമെന്നും പൗരന്മാർക്ക് നിർദേശമുണ്ട്.
സൗദിയിൽ കൂലിക്കഫീലുമാർക്ക് പൊതുസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാത്രമെടുത്ത് മറ്റിടങ്ങളിൽ ജോലിക്ക് വിട്ടാൽ ലക്ഷം റിയാൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. വിദേശികളടക്കം നിരവധി പേർ സമാന രീതിയിൽ ജോലി ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണിത്.
സൗദിയിലേക്ക് വിസകളിലെത്തുന്നവർ മറ്റൊരു സൗദിയുടെ കീഴിലുള്ള ജോലികളിൽ പ്രവർത്തിക്കുന്നുവെന്ന പരാതികളുണ്ട്. ഇത്തരക്കാർ തൊഴിലാളികളെ സ്വന്തം നിലക്ക് ജോലി ചെയ്യാൻ അനുവദിക്കും. ഇത് സൗദിയിൽ നിയമവിരുദ്ധമാണ്. സ്‌പോൺസർക്ക് ഓരോ മാസവും നിശ്ചിത തുക നൽകിയാണ് ഈ രീതി. ഇത് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വിദേശ തൊഴിലാളികളെ മറ്റു ജോലികൾക്കു വിട്ടാൽ കടുത്ത ശിക്ഷയുണ്ടാകും. സ്വന്തം സ്പോൺസർഷിപ്പിലുള്ള വിദേശ തൊഴിലാളികളെ മറ്റുള്ളവർക്കു കീഴിൽ ജോലി ചെയ്യാനോ സ്വന്തം നിലയ്ക്ക് ജോലികൾ നിർവഹിക്കാനോ അനുവദിക്കരുത്.
ഇത് പിടിക്കപ്പെട്ടാൽ വ്യക്തിഗത തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞു കയറ്റക്കാരെയും ഇത്തരക്കാർക്ക് സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നവരെയും കുറിച്ച് അറിയിക്കണമെന്നും പൗരന്മാർക്ക് നിർദേശമുണ്ട്.
Adjust Story Font
16