ഖുർആൻ മനഃപാഠമാക്കിയ മലയാളി ബാലനെ ജിദ്ദയിൽ ആദരിച്ചു
മലപ്പുറം കൊണ്ടോട്ടി സ്വദേശി റഹീസാണ് ജിദ്ദയിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയത്
സൗദിയിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയ മലയാളി ബാലനെ ജിദ്ദയിൽ ആദരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി റഹീസാണ് ജിദ്ദയിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയത്. മക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കണമെന്നാണ് റഹീസിന്റെ ആഗ്രഹം.
മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കൊമ്മേരി ബഷീറിന്റെയും സലീനയുടെയും രണ്ടാമത്തെ മകനാണ് റഹീസ്. ജനിച്ചതും വളർന്നും ജിദ്ദയിൽ തന്നെ. ജിദ്ദയിലെ അസീസിയയിൽ താമസിക്കുന്ന ഫ്‌ളാറ്റിനടത്തുള്ള പള്ളിയിൽ സ്ഥിരമായി പിതാവിനോടൊപ്പം നമസ്‌ക്കരിക്കാൻ പോകാറുള്ള റഹീസ് പള്ളിയിൽ ഖുർആൻ പഠിക്കുന്ന കുട്ടികളെ കണ്ട് ആകൃഷ്ടനാവുകായിരുന്നു. പഠിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ പിതാവായ ബഷീർ പള്ളി അധികൃതരുമായി ബന്ധപ്പെട്ടു. വൈകാതെ തന്നെ പഠനം ആരംഭിച്ചു.
സ്‌കൂൾ പഠനത്തോടൊപ്പം ആർക്കും വളരെ എളുപ്പത്തിൽ ഖുർആൻ പഠനവും കൊണ്ടുപോകാനാകുമെന്ന് റഹീസ് പറയുന്നു. ദിവസവും ഒരു മണിക്കൂർ വീതം ആഴ്ചയിൽ അഞ്ച് ദിവസം മാത്രമേ ഇതിനായി നീക്കി വെക്കേണ്ടതുള്ളൂ. ഖുർആൻ പഠനത്തിന് സൗദിയിൽ നിന്ന് തന്നെ ബിരുദമെടുക്കണമെന്നും, മക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കണമെന്നുമാണ് റഹീസിന്റെ ആഗ്രഹം
നാട്ടുകാരുടെ കൂട്ടായ്മയായ മേലങ്ങാടി വെൽഫയർ അസ്സോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ റഹീസിനെ ആദരിച്ചു. വളരെ വലിയ ഉത്തരവാദിത്തമാണ് റഹീസിന് വന്ന് ചേർന്നതെന്നും ഇനിയും കൂടുതൽ ഉയരങ്ങളിലെത്തെട്ടെയെന്നും മേവ പ്രസിഡണ്ട് ചുള്ളിയൻ ബഷീർ ആശംസിച്ചു. കെ.കെ ഫൈറൂസ്, മായീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Adjust Story Font
16