സൗദിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു
അൽ ഖസീമിലെ കൃഷിയിടത്തിലായിരുന്നു ജോലി. ഇഖാമയിലേക്ക് മാറും മുന്നേ ഒരു മാസത്തിനകം പക്ഷാഘാതമുണ്ടായി
റിയാദ്: സൗദിയിലെത്തി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളിയെ തുടർചികിത്സക്കായി നാട്ടിലെത്തിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി അനിലിനെയാണ് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്. അൽ ഖസീം പ്രവിശ്യയിൽ കൃഷിത്തോട്ടത്തിലേക്ക് ജോലിക്കെത്തിയതായിരുന്നു ഇദ്ദേഹം.
ആലപ്പുഴ നൂറനാട് സ്വദേശി പാറ്റൂർ പുത്തൻ വീട്ടിൽ അനിൽ വിശ്വനാഥകുറുപ്പ് കഴിഞ്ഞ നവംബറിലായിരുന്നു സൗദിയിലെത്തിയത്. അമ്പത്തിയേഴ് വയസ്സായിരുന്നു പ്രായം. അൽ ഖസീമിലെ കൃഷിയിടത്തിലായിരുന്നു ജോലി. പക്ഷേ ഇഖാമയിലേക്ക് മാറും മുന്നേ ഒരു മാസത്തിനകം പക്ഷാഘാതമുണ്ടായി. അന്നു മുതൽ കിങ് സഊദ് ആശുപത്രിയിലായിരുന്നു ചികിത്സ. അർധ ബോധാവസ്ഥയിൽ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടു പോയത്.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിൽ സൗദിയിലെ ഒഐസിസി രംഗത്തിറങ്ങി. സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് എംബസിയുമായി ചേർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വിമാനത്തിൽ അനിലിനൊപ്പം ശിഹാബ് കൊട്ടുകാടാണ് നാട്ടിലേക്ക് പോയത്. നാട്ടിലെത്തിക്കാൻ ചിലവേറെയുള്ളതിനാൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് നാട്ടിലേക്കെത്തിച്ചത്. ഒഐസിസി സമാഹരിച്ച തുക ഇദ്ദേഹത്തിന് തുടർ ചികിത്സക്കായി കൈമാറി. സുഗതൻ നൂറനാട്, ഹരിലാൽ, സജീവ് എന്നിവരും എംബസി ഉദ്യോഗസ്ഥരും സഹായം നൽകിയിരുന്നു.
Adjust Story Font
16