കഅബയെ പുതപ്പിക്കുവാനുള്ള പുതിയ കിസ്‌വ കഅബയുടെ സൂക്ഷിപ്പുകാരന് കൈമാറി
മുഹറം ഒന്നിനാണ് ഇത്തവണ കഅബയെ പുതിയ മൂടുപടം അണിയിക്കുക.
കഅബയെ പുതപ്പിക്കുവാനുള്ള പുതിയ കിസ്‌വ അഥവാ മൂടുപടം സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരനായ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബിക്ക് കൈമാറി. മക്കയിൽ വെച്ച് നടന്ന ചടങ്ങിൽ ഇരു ഹറം കാര്യാലയം മേധാവി ഡോ. അബ്ദുൽ റഹ്‌മാൻ അൽ സുദൈസും, കഅബയുടെ മുഖ്യ സൂക്ഷിപ്പുകാരനായ ഡോ. സാലിഹ് അൽ ഷൈബിയും അനുബന്ധ രേഖകളിൽ ഒപ്പുവെച്ചു.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ അറഫാ ദിനത്തിൽ കഅബയെ പുതിയ കിസ്‌വ അണിയിക്കില്ലെന്ന് ഇരു ഹറം കാര്യാലയം നേരത്തെ അറിയിച്ചിരുന്നു. മുഹറം ഒന്നിനാണ് ഇത്തവണ കഅബയെ പുതിയ മൂടുപടം അണിയിക്കുക.
അതിന് മുന്നോടിയായാണ് പുതിയ കിസ്‌വ കഅബയുടെ സൂക്ഷിപ്പുകാരന് കൈമാറിയത്. കഅബയുടെ പവിത്രത കണക്കിലെടുത്താണ് എല്ലാ വർഷവും പുതിയ കിസ്‌വ അണിയിക്കുന്നതെന്ന് ഇരുഹറം കാര്യാലയം മേധാവി ഡോ. അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് പറഞ്ഞു.
Adjust Story Font
16