അബ്ദുറഹീമിന്റെ മോചനം: ഇന്ത്യൻ എംബസി ദിയാധനമായ 15 മില്യൺ റിയാലിനുള്ള ഡിമാൻ്റ് ഡ്രാഫ്റ്റ് അനുവദിച്ചു
റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് അനുവദിച്ചത്
ജിദ്ദ: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ശ്രമങ്ങൾ സുപ്രധാന ഘട്ടത്തിലെത്തി. ദിയാധനമായ 15 മില്യൺ റിയാലിനുള്ള ഡിമാന്റ് ഡ്രാഫ്റ്റ് റിയാദിലെ ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്തു. റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് അനുവദിച്ചത്.
കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് നൽകാനുള്ള ദിയാധനമായ 33 കോടി രൂപക്ക് സമാനമായ 15 മില്യൺ റിയാൽ ഉടൻ കൈമാറും. റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരും, നിയമ സഹായ സമിതി അംഗം മൊഹിയുദീൻ സഹീറും സാക്ഷികളായി എംബസിയിലെത്തിയിരുന്നു.
ഞായറാഴ്ചയോ അതിനോനുടത്ത ദിവസങ്ങളിലോ ഗവർണറേറ്റിന് ചെക്കിന്റെ കോപ്പി കൈമാറും. തുടർന്ന് ഇരു വിഭാഗത്തിന്റെയും അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഗവർണറേറ്റിൽ ഹാജരാകും. അവിടെ വെച്ച് കൊല്ലപ്പെട്ട ബാലന്റെ കുടുംബം കേസിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്ന സമ്മത പത്രത്തിൽ ഒപ്പുവെക്കും. ഇത് കോടതിക്ക് കൈമാറുന്നതോടെ കേസിന്റെ സുപ്രധാന ഘട്ടം അവസാനിക്കുമെന്നും തുടർന്നുള്ള മോചന നടപടികൾ കോടതി നിർദ്ദേശപ്രകാരം നടക്കുമെന്നും സിദ്ദീക്ക് തുവ്വൂർ മീഡിയവണ്ണിനോട് പറഞ്ഞു.
Adjust Story Font
16