വിമാനം വൈകിയാല്‍ താമസവും ഭക്ഷണവും ഉറപ്പു നല്‍കണം: ഗാക്ക
ആറു മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാന കമ്പനികള്‍ക്കാണ് നിയമം ബാധകമാകുക
ദമ്മാം: സൗദിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് താമസവും ഭക്ഷണവും ലഭ്യമാക്കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. ആറു മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാന കമ്പനികള്‍ക്കാണ് നിയമം ബാധകമാകുക.
ബോര്‍ഡിങ് നിരസിക്കുകയോ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് മതിയായ നഷ്ടപരിഹാരങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ഗാക്ക നിര്‍ദ്ദേശിച്ചു. ആറു മണിക്കൂറിലധികം വിമാനം വൈകിയാല്‍ താമസവും ഭക്ഷണവും ലഭ്യമാക്കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടു. ഏവിയേഷന്‍ നിയമത്തിലെ 38020 ഖണ്ഡികയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ തീരുമാനം. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് അര ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഒപ്പം കമ്പനിക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് ഉപഭോക്താവിന് അധികാരമുണ്ടായിരിക്കുമെന്നും ഗാക്ക വ്യക്തമാക്കി.
വിമാനം വൈകുന്നത് മുതല്‍ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഗാക്ക നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ആദ്യ മണിക്കൂറില്‍ തന്നെ വെള്ളവും ലഘു ഭക്ഷണങ്ങളും നല്‍കണമെന്ന് അതോറിറ്റി വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16