Quantcast

ആറ് വർഷത്തിന് ശേഷം ഇറാൻ മന്ത്രി സൗദിയിലേക്ക്; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും

ചൈനയുടെ മധ്യസ്ഥതയിലാണ് ഇറാനും സൗദിയും തങ്ങളുടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2023-04-28 18:58:21.0

Published:

28 April 2023 6:57 PM GMT

After six years, Irans minister to Saudi Arabia
X

റിയാദ്: ആറ് വർഷത്തിന് ശേഷം ഇറാൻ മന്ത്രി സൗദിയിലേക്ക്. വിദേശകാര്യമന്ത്രിയുടെ സന്ദർശനം ഉടനുണ്ടാവും. സൗദിയുടെ ക്ഷണം സ്വീകരിച്ചെന്ന് ഹുസൈൻ അമീർ അബ്ദുല്ല പറഞ്ഞു. ഈ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും എംബസികൾ ഉടൻ തുറക്കും.

ചൈനയുടെ മധ്യസ്ഥതയിലാണ് ഇറാനും സൗദിയും തങ്ങളുടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. ഇതിന്റെ തുടർച്ച എന്ന നിലയ്ക്കാണ് വിദേശകാര്യ മന്ത്രിതലത്തിലേക്ക് ഈ ബന്ധം മെച്ചപ്പെടുത്താൻ തീരുമാനിച്ചത്. സൗദിയാണ് ആദ്യം ഇറാൻ വിദേശകാര്യമന്ത്രിയെ തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിച്ചത്.

ക്ഷണം സ്വീകരിച്ചതായി തെഹ്‌റാനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇതു കൂടാതെ സൗദി വിദേശകാര്യമന്ത്രിയെ ഇറാനിലേക്കും ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സൗദി സ്വീകരിച്ചതായും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.

വിദേശകാര്യമന്ത്രിമാരുടെ സന്ദർശനത്തിന് പിന്നാലെ സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ഇറാനിലേക്കും ഇറാൻ പ്രസിഡന്റിനെ സൗദിയിലേക്കും ക്ഷണിച്ചിട്ടുണ്ട്. ഈ രണ്ട് സന്ദർശനം കൂടി നടക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാവും. കൂടാതെ, മേഖലയിൽ കൂടുതൽ പുരോഗതിയും സമാധാനവും കെട്ടുറപ്പും രൂപപ്പെടുന്ന സാഹചര്യവുമുണ്ടാവും.

യെമൻ യുദ്ധത്തിന് ഔദ്യോഗിക പരിസമാപ്തി വരാനുള്ള സാഹചര്യവും രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ വലിയ പ്രതീക്ഷയോടെയാണ് ഇറാൻ-സൗദി വിദേശകാര്യമന്ത്രിമാരുടെ സന്ദർശനത്തെ ലോകം നോക്കിക്കാണുന്നത്.


TAGS :

Next Story