അൽബാഹ, അൽജൗഫ്, ജിസാൻ വികസിപ്പിക്കുന്ന സൗദി കിരീടാവകാശിയുടെ പ്രത്യേക പദ്ധതിക്ക് തുടക്കം;കൂടുതൽ തൊഴിലവസരം
ഓരോ മേഖലയുടേയും പ്രത്യേകതക്കനുസരിച്ച് ടൂറിസം പദ്ധതികളും ആവിഷ്‌കരിക്കും
സൗദിയിലെ മൂന്ന് പ്രധാന ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സൗദി കിരീടാവകാശിയുടെ പദ്ധതി. അൽബഹ, അൽജൗഫ്, ജിസാൻ പ്രദേശങ്ങൾ വികസിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഓരോ മേഖലയുടേയും പ്രത്യേകതക്കനുസരിച്ച് ടൂറിസം പദ്ധതികളും ആവിഷ്‌കരിക്കും.
വികസനം പ്രഖ്യാപിച്ച മൂന്നിടങ്ങളും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. പ്രദേശങ്ങൾ വികസിപ്പിക്കുന്നതിന് തന്ത്രപ്രധാന ഓഫീസുകൾ ആരംഭിച്ചു. സ്വകാര്യ മേഖലയുടെ സഹായത്തോടെ നിക്ഷേപവും പ്രദേശത്തിന്റെ വളർച്ചയും ജനങ്ങൾക്ക് തൊഴിലവസരവുമാണ് ലക്ഷ്യം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലകളിലൊന്നാണ് അൽബാഹ മേഖല. റഅ്ദാൻ വനം, കംഅ് പാർക്ക്, ശക്‌റാൻ പാർക്ക്, ഖർയത് ദിൽഅയ്ൻ, നിരവധി പുരാതന ഗ്രാമങ്ങളും കോട്ടകളാലും പ്രശസ്തമാണ്.
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴയ ജനവാസ ഏരിയയായി വിശേഷിപ്പിക്കപ്പെടുന്നു അൽ-ജൗഫ് മേഖല. ചരിത്രപരമായ സാന്നിധ്യം ശിലായുഗംവരെ എത്തും. ലോകത്തെ ഏറ്റവും വലിയ ഒലിവ് തോട്ടങ്ങളും ഇവിടെയാണ്. കാർഷിക, ചരിത്ര സവിശേഷത ഏറെയുണ്ട് അൽ ജൗഫിന്. ജിസാൻ മേഖല ലോജിസ്റ്റിക്, കാർഷിക, പൈതൃക മേഖലയാണ്. നിരവധി സാമ്പത്തിക വരുമാന ശ്രോതസ്സുകളുണ്ട്. പരിസ്ഥിതിയും കാലാവസ്ഥാ വൈവിധ്യവും അവിടുത്തെ സവിശേഷതയാണ്. ഫറസാൻ ദ്വീപുകളിലേക്കുള്ള പ്രധാന കവാടമാണ്. ബി.സി 8000 മുതലുള്ള പുരാവസ്തുക്കൾ ജസാൻ പ്രദേശത്തുണ്ട്. മൂന്ന് മേഖലയുടേയും പ്രത്യേകത കണക്കാക്കിയാണ് വികസനം പൂർത്തിയാക്കുക.
Adjust Story Font
16