ചട്ടലംഘനം: അൽ ഹിലാലിന് 96,000 റിയാൽ പിഴ
ചട്ട ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും
റിയാദ്: അൽ ഹിലാൽ ക്ലബ്ബിന് 96,000 റിയാൽ പിഴ ചുമത്തി ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ. രണ്ടാം പകുതിയിൽ മൈതാനത്തിറങ്ങാൻ വൈകിയതിനും മത്സരത്തിന് ശേഷം അഭിമുഖം നൽകാൻ വിസമ്മതിച്ചതിനുമാണ് പിഴ. നിയമ ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ മൂന്ന് നിയമ ലംഘനങ്ങളാണ് പിഴ ചുമത്താൻ കാരണം. കഴിഞ്ഞ ദിവസം ഇറാഖ് പൊലീസ് ടീമിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ മൈതാനത്തിറങ്ങാൻ വൈകിയതിനാണ് ഒന്നാമത്തെ പിഴ. 160 സെക്കന്റ് അഥവാ 2 മിനിറ്റ് 40 സെക്കന്റാണ് ടീം വൈകിയത്. 11,250 റിയാലാണ് ഇതിനായി പിഴ ചുമത്തിയത്.
മത്സരത്തിന് ശേഷമുള്ള ടെലിവിഷൻ അഭിമുഖത്തിന് വിസമ്മതിച്ചതിനാണ് രണ്ടാമത്തെ പിഴ. അൽ ഹിലാൽ ക്ലബ്ബിന്റെ നാസർ അൽ ദോസ്സാരിയാണ് അഭിമുഖത്തിന് വിസമ്മതിച്ചത്. 84,375 റിയാലാണ് ഇതിനായി പിഴ ഈടാക്കിയത്. ഇതിൽ 37,500 റിയാൽ കളിക്കാരനും ബാക്കി തുക ക്ലബ്ബും അടക്കണം.
എ.എഫ്.സി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സര ചട്ടങ്ങൾ പാലിക്കാത്തതിനാണ് മൂന്നാമത്തെ പിഴ. ക്ലബ്ബിനാണ് ഈ പിഴ ചുമത്തിയത്. 30 ദിവസത്തിനുള്ളിൽ പിഴ അടക്കണം. ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.
Adjust Story Font
16