ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹാജിമാരും എത്തി: ബുധനാഴ്ച ഹാജിമാർ മിനായിലേക്ക് നീങ്ങും
മുംബൈയിൽ നിന്നായിരുന്നു അവസാന വിമാനം. അമ്പത്തിയാറായിരത്തിലേറെ പേരാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മക്കയിൽ ഹജ്ജ് നിർവഹിക്കുക
ജിദ്ദ: ഇന്ത്യയിൽ നിന്നും ഹജ്ജിനുള്ള തീർത്ഥാടകരുടെ അവസാന സംഘവും മക്കയിലെത്തി. മുംബൈയിൽ നിന്നായിരുന്നു അവസാന വിമാനം. അമ്പത്തിയാറായിരത്തിലേറെ പേരാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മക്കയിൽ ഹജ്ജ് നിർവഹിക്കുക. ബുധനാഴ്ച ഹാജിമാർ മിനായിലേക്ക് നീങ്ങും.
മുംബൈയിൽ നിന്ന് 113 തീർത്ഥാടകരാണ് അവസാന ഫ്ലൈറ്റിൽ സൗദിയിൽ എത്തിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 56637 ഹാജിമാരാണ് ഹജ്ജ് നിർവഹിക്കുക. 190 ഫ്ലൈറ്റുകളിൽ ആയാണ് മുഴുവൻ തീർത്ഥാടകരെയും സൗദിയിൽ എത്തിച്ചത്. മദീന വഴിയെത്തിയ മുഴുവൻ തീർത്ഥാടകരിൽ നാലു പേരൊഴികെ എല്ലാവരും മക്കയിലെത്തി. നാലു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ ഹജ്ജിനോട് അനുബന്ധിച്ച് മക്കയിൽ എത്തിക്കും. ഹജ്ജിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കി കോൺസുലേറ്റിന് കീഴിൽ ഇന്ത്യൻ ഹജ്ജ് മിഷൻ പൂർണ്ണ സജ്ജമാണ്.
ബുധനാഴ്ച രാത്രിയാണ് ഹാജിമാർ മിനായിലേക്ക് നീങ്ങുക. ഇന്ത്യൻ ഹാജിമാരെ സഹായിക്കാൻ വിവിധ സംസ്ഥാനങ്ങളുടെ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ 370 ഖാദിമുൽ ഹുജാജുമാരുണ്ട്. ഹാജിമാർക്ക് വേണ്ട സഹായം ഉറപ്പു വരുത്തുക അതത് സംസ്ഥാനങ്ങളുടെ കീഴിലുള്ള ഖാദിമുൽ ഹുജ്ജാജ് അഥവാ വളണ്ടിയർമാരാണ്. 387 മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫും ഇവർക്കൊപ്പം നീങ്ങും. ഇതടക്കം 750 ഓളം ഉദ്യോഗസ്ഥരാണ് ഹാജിമാർക്ക് സേവനത്തിനുണ്ടാവുക. ഹാജിമാർക്കുള്ള ബലി കൂപ്പണുകൾ നാട്ടിൽ നിന്ന് എത്തിയ വളണ്ടിയർമാർ വഴി ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.
ഇത്തവണ 809 റിയാലാണ് ബലിക്കായി ഹാജിമാരിൽ നിന്നും ഈടാക്കിയത്. ബലി പെരുന്നാൾ ദിവസമാണ് ബലി കർമങ്ങൾ നടക്കുക. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാന് കീഴിൽ കേന്ദ്ര ഹജ്ജ് പ്രതിനിധി സംഘം നാളെ മക്കയിലെത്തും.
Adjust Story Font
16