Quantcast

പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഇല്ലാതാകുന്നില്ല - പ്രവാസി വെൽഫെയർ ദമ്മാം ദക്ഷിണ കേരള കമ്മിറ്റി

ആരോപണങ്ങൾ വളരെ ഗൗരവപൂർവ്വം സംസ്ഥാന സർക്കാർ കാണണമെന്ന് പ്രവാസി വെൽഫെയർ ദക്ഷിണ കേരള കമ്മറ്റി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    7 Sep 2024 5:00 PM GMT

പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഇല്ലാതാകുന്നില്ല - പ്രവാസി വെൽഫെയർ ദമ്മാം ദക്ഷിണ കേരള കമ്മിറ്റി
X

ദമ്മാം: പൗരന്മാർക്ക് നികുതിപ്പണത്തിന് പകരമായി സംസ്ഥാനം കൊടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സേവനമാണ് പൗരന്റെയും അവന്റെ സ്വത്തിന്റെയും സുരക്ഷ, എന്നാൽ ഭരണപക്ഷത്തെ എം.എൽ.എ തന്നെ സംസ്ഥാനത്തെ ലോ ആന്റ് ഓർഡർ പരിപാലിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന ആഭ്യന്തര വകുപ്പിലെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് വളരെ ഗൗരവപൂർവ്വം സംസ്ഥാന സർക്കാർ കാണണമെന്ന് പ്രവാസി വെൽഫെയർ ദക്ഷിണ കേരള കമ്മറ്റി ആവശ്യപ്പെട്ടു.

ഇടത് പക്ഷത്തിന്റെ ഭാഗമായ പി.വി അൻവർ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലിലാക്കുകയും, സ്വർണ്ണ മോഷണം, കൊലപാതകം, അഴിമതി, കള്ളക്കേസ്, ആഭ്യന്തര വകുപ്പിലുള്ള ആർ.എസ്.എസ്സിന്റെ ഇടപെടലുകൾ, തൃശൂർ പൂരം കലക്കി ബി.ജെ.പിയെ സഹായിക്കൽ തുടങ്ങിയ ഏറ്റവും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പോലീസിന്റെ തലപ്പത്ത് നൊട്ടോറിയൽ ക്രിമിനൽസ് എന്ന് കൃത്യമായി പറയുന്നുമുണ്ട്. ഇതിനേക്കാൾ വലിയ കാര്യങ്ങൾ ഇനിയും ഉണ്ടെന്നതാണ് അദ്ദേഹത്തിന്റെ സംസാരങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ഉന്നയിച്ച ആരോപണങ്ങളെ അത്ര ഗൗരവത്തിൽ കാണാത്തത് ഇതുവരെ മടിയിൽ കനമില്ലെന്ന് ഉച്ചത്തിൽ കൂവി നടന്നവരെ ഭയപ്പെടുത്തുന്നതിനാലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആരോപണങ്ങൾ ആരോപണങ്ങളായി നിൽക്കുന്നിടത്തോളം കേരളത്തിലെ പ്രബലമായ ഒരു രാഷ്ട്രീയ പാർട്ടിയും, കേരള സർക്കാരും, സ: പിണറായി വിജയന്റെ ഓഫീസും, ആഭ്യന്തര വകുപ്പും സംശയത്തന്റെ നിഴലിലാണ് എന്നതിൽ ഒരുസംശയവും ഇല്ല. അൻവർ ഉന്നയിച്ചത് അൻവറിന്റെയോ, കമ്യൂണിസ്റ്റ് പാർട്ടിയുടേയോ കുടുംബ കാര്യമല്ല. വെൽഫെയർ പാർട്ടി, കോൺഗ്രസ്സ്, മുസ്ലിം,ലീഗ് ഉൾപ്പെടെയുള്ള മിക്ക രാഷ്ട്രീയ പാർട്ടികളും നാളുകളായി സൂചിപ്പിക്കുകയും, സംശയിക്കുകയും ചെയ്ത ചില കാര്യങ്ങളുടെ മൂർദ്ധന്യ രൂപമാണ് അൻവറിന്റെ ആരോപണം. അൻവർ ഇനി പ്രലോഭനങ്ങളിലോ, പ്രകോപനങ്ങളിലോ അടിമപ്പെട്ട് മിണ്ടാതിരുന്നാൽതീരുന്നതല്ല പ്രശ്നങ്ങൾ. സത്യസന്ധമായ രീതിയിൽ യോഗ്യരായവരെ കൊണ്ട് അന്വേഷണം നടത്തുവാനും ആരോപണ വിധേയരായവരെ മാറ്റിനിറുത്തുവാനും സർക്കാറും പാർട്ടിയും തയ്യാറാകണമെന്നും കമ്മിറ്റി അംഗങ്ങളായ ശമീർ പത്തനാപുരം, അബ്ദുറഹീം തിരൂർക്കാട്, അബദുല്ല സൈഫുദ്ധീൻ, ബിജു പൂതക്കുളം എന്നിവർ ആവശ്യപ്പെട്ടു.

TAGS :

Next Story