ഒരു ഫോൺകോളിൽ ആംബുലൻസ്; മക്കയിൽ ഹാജിമാര്‍ക്ക് മികച്ച മെഡിക്കല്‍ സംവിധാനങ്ങൾ
335 പേരാണ് ഇന്ത്യയിൽ നിന്നും ഹാജിമാരുടെ ആരോഗ്യ സേവനത്തിനായി ഡെപ്യൂട്ടേഷനിൽ എത്തിയിട്ടുള്ളത്. ഇതിൽ 170 ഡോക്ടർമാരും 165 പാരാമെഡിക്കൽ സ്റ്റാഫും ഉൾപെടും.
മക്ക: ഹാജിമാരുടെ ആരോഗ്യ പരിരക്ഷക്ക് മികച്ച സംവിധാനങ്ങളാണ് മക്കയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലാണ് ആരോഗ്യ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. 335 പേരാണ് ഇന്ത്യയിൽ നിന്നും ഹാജിമാരുടെ ആരോഗ്യ സേവനത്തിനായി ഡെപ്യൂട്ടേഷനിൽ എത്തിയിട്ടുള്ളത്. ഇതിൽ 170 ഡോക്ടർമാരും 165 പാരാമെഡിക്കൽ സ്റ്റാഫും ഉൾപെടും.
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ 140 മെഡിക്കൽ സെന്ററുകളും 32 സൂപ്പർസ്പെഷ്യലിറ്റി ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നു. 32,000 ജീവനക്കാർ ഇതിൽ പ്രവൃത്തിക്കുന്നുണ്ട്. ഈ സേവനം എല്ലാ ഹാജിമാർക്കും ലഭിക്കും. ഇന്ത്യൻ ഹാജിമാർക്കായി ഹജ്ജ് മിഷന് കീഴിൽ താൽക്കാലിക ആശുപത്രികളുണ്ട്. ഗുരുതര കേസുകൾ മാത്രമാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്ക് മാറ്റുക.
ഹാജിമാരുടെ ഓരോ സംഘങ്ങൾക്കും നാട്ടിൽ നിന്നും ഡെപ്യൂട്ടേഷനിലെത്തിയ സർക്കാർ ഉദ്യോഗസ്ഥന്റെ മേൽനോട്ടമുണ്ടാകും. ഖാദിമുൽ ഹുജ്ജാജ് എന്നാണ് ഇവരറിയപ്പെടുക. ഇവരെ അറിയിച്ചാൽ ഹജ്ജ് മിഷൻ ആശുപത്രിയിൽ വിവരമറിയിക്കും. വേഗത്തിൽ ആംബുലൻസെത്തും.
സൗദി ആരോഗ്ര്യ മന്ത്രാലയത്തിന്റെ നിലവാരമുള്ള 4 ഹോസ്പിറ്റലുകളും മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയിട്ടുണ്ട്. 40, 30, 20 എന്നിങ്ങിനെ ബെഡുകളുള്ള മൂന്ന് ആശുപത്രി ഏറ്റവും കൂടുതൽ ഹാജിമാരുള്ള മക്കയിലെ അസീസിയയിലാണ്. 10 ബെഡുള്ള മറ്റൊരാശുപത്രി കുറഞ്ഞ എണ്ണം ഇന്ത്യൻ ഹാജിമാർക്കുള്ള നസീമിലുമുണ്ട്. അസീസിയയിലെ 20 ബെഡ് ഉള്ള ആശുപത്രി മഹറമില്ലാതെ അഥവാ പുരുഷ തുണയില്ലാതെ വന്ന വനിതാ ഹാജിമാർക്കുള്ളതാണ്. ലാബടക്കം എല്ലാ പരിശോധനാ സംവിധാനങ്ങളും ഇവിടെയുണ്ട്.
14 ബ്രാഞ്ചായി തിരിച്ചാണ് മക്കയിൽ ഇന്ത്യൻ ഹാജിമാരെ പാർപ്പിച്ചിട്ടുള്ളത്. ഓരോ ബ്രാഞ്ചിലും പ്രാഥമിക ആരോഗ്യ കേന്ദ്രമുണ്ടാകും. ചെറിയ ആരോഗ്യ പ്രയാസമുള്ളവർക്ക് ഡിസ്പൻസറിയിലും കൂടുതൽ പ്രയാസമുള്ളവർക്ക് ഹജ്ജ് മിഷന്റെ ആശുപത്രിയിലും ഗുരുതര പ്രയാസമുള്ളവർക്ക് സൗദിയിലെ അത്യാധുനിക ആശുപത്രിയിലും സൗജന്യ ചികിത്സ ലഭിക്കും. ഹാജിമാർക്ക് ചെറിയ അസുഖങ്ങൾ മുതൽ ലക്ഷങ്ങൾ ചിലവാകുന്ന വലിയ സർജറികൾ വരെ സൗജന്യമായാണ് ലഭിക്കുക. ആശുപത്രിയിലുള്ള മുഴുവൻ ഹാജിമാരെയും ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനം അവിടുത്തെ ആശുപത്രിയിലേക്ക് മാറ്റും. ഐസിയു ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം അറഫയിലുണ്ടാകും. ഇതിനാൽ ഒരാൾക്കും ഹജ്ജ് നഷ്ടമാകില്ല.
Adjust Story Font
16