ഇന്ത്യന്‍ കമ്പനിക്ക് അരാംകോയുടെ സുപ്രധാന കരാര്‍
ഇരു കമ്പനികളും കരാര്‍ ഉടന്‍ ഒപ്പ് വെക്കുമെന്ന് റിപ്പോര്‍ട്ട്
ദമ്മാം: ഇന്ത്യന്‍ കമ്പനിക്ക് സൗദി അരാംകോയുടെ സുപ്രധാന നിര്‍മ്മാണ കരാര്‍ നല്‍കുന്നതിന് ധാരണയായതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇ.പി.സി കമ്പനികളില്‍ പ്രമുഖരായ കെ.പി.ഐ.എലുമായി സൗദി അരാംകോ കരാര്‍ ഒപ്പ് വെക്കുന്നതിനുള്ള നടപടികളാരംഭിച്ചതായാണ് വാര്‍ത്ത. സൗദി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
സൗദി അരാംകോയുടെ മാസ്റ്റര്‍ ഗ്യാസ് സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള സുപ്രധാന കരാര്‍ ഇന്ത്യന് കമ്പനിക്ക്. എഞ്ചിനിയറിംഗ് പ്രൊക്യൂര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ കരാറാണ് ഇന്ത്യന്‍ കമ്പനിക്ക് നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇ.പി.സി കമ്പനിയായ കല്‍പ്പതരു പ്രൊജക്ട് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് കെ.പി.ഐ.എലിനാണ് കരാര്‍ ചുമതല. ഇരു കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഉടന്‍ ഒപ്പ് വെക്കുമെന്ന് സൗദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അരംാകോയുടെ എം.ജി.എസ് ത്രീ ഗ്രിഡ് പ്രൊജക്ടിലേക്കാണ് കരാര്‍. എണ്ണൂറ് കിലോമീറ്ററിലധികം വരുന്ന ഗ്യാസ് ബൈപ്പാസ് പൈപ്പ് ലൈനുകളുടെ നിര്‍മ്മാണമാണ് പദ്ധതിയിലെ ഏറ്റവും വലിയ പ്രൊജക്ട്.
മേഖലയിലെ വിവിധ വ്യാവസായിക ഉപഭോക്താക്കള്‍ക്ക് വാതകം വിതരണം ചെയ്യുന്നതിനായി നിലവിലുള്ള ശൃംഖലയുടെ വികസനം ലക്ഷ്യമിട്ടാണ് സൗദി അരാംകോ കരാര്‍ നല്‍കുന്നത്. വാതക വിതരണത്തിന്റെ വിപുലീകരണവും രാജ്യത്ത് വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യവും നിറവേറ്റുന്നതിനും ഒപ്പം ദ്രാവക ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് വാതക ഇന്ധനങ്ങളുടെ ഉപഭോകം വര്‍ധിപ്പിക്കുന്നതിനും പദ്ധതി വഴി സൗദി അരാംകോ ലക്ഷ്യമിടുന്നു.
Adjust Story Font
16