Quantcast

സൗദിയിൽ 2.5 ലക്ഷത്തോളം ലഹരി ഗുളികകൾ പിടിച്ചെടുത്തു

കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    4 Jan 2025 4:20 PM GMT

Around 2.5 lakh intoxicating pills were seized in Saudi Arabia
X

ദമ്മാം: സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകളുടെ വൻ ശേഖരം പിടിച്ചെടുത്തു. മൂന്ന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിന്നായി 2.5 ലക്ഷത്തോളം ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. സൗദി-ബഹറൈൻ അതിർത്തിയായ കിങ് ഫഹദ് കോസ് വേ, സൗദി-ജോർദാൻ അതിർത്തി ചെക്ക് പോസ്റ്റായ ഹദീത, ചെങ്കടൽ തീരത്തെ ദുബ തുറമുഖം എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

കസ്റ്റംസ് സുരക്ഷാ വിഭാഗമാണ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ടര ലക്ഷത്തോളം വരുന്ന കാപ്റ്റഗൺ ഗുളികകളും മറ്റു നിരോധിത ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. മൂന്നിടങ്ങളിൽ നിന്നായാണ് ഇവ പിടിച്ചെടുത്തത്. സൗദി-ബഹറൈൻ അതിർത്തിയായ കിങ് ഫഹദ് കോസ് വേയിൽ സ്വകാര്യ കാറിൽ കടത്താൻ ശ്രമിച്ച 1,20,370 കാപ്റ്റഗൺ ഗുളികകളും 45,975 മറ്റു നിരോധിത ഗുളികകളും പിടിച്ചെടുത്തു. കാറിന്റെ ഡോറിനകത്തും ബാക്കിലുമായി ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.

ജോർദാൻ അതിർത്തിയിലെ ഹദീത ചെക്ക് പോസ്റ്റിൽ യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,011 കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തതാണ് രണ്ടാമത്തെ സംഭവം. ചെങ്കടൽ തീരത്തെ ദുബ തുറമുഖം വഴി കടത്തിയ 34,084 കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തതാണ് മൂന്നാമത്തെ സംഭവം. ഇത് വഴി രാജ്യത്തേക്ക് കടക്കാനെത്തിയ ട്രക്കിന്റെ ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. കേസിൽ വാഹന ഡ്രൈവർമാരായ മൂന്ന് പേരെയും അവ സ്വീകരിക്കാനെത്തിയ രണ്ട് പേരെയും അറസ്റ്റ് ചെയ്തതായും ആൻറി നാർക്കോട്ടിക് വിഭാഗം അറിയിച്ചു.

TAGS :

Next Story