സൗദിയില്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി നടത്തിയ 122 പേർ കൂടി പിടിയില്‍
കോവിഡ് സാഹചര്യത്തില്‍ വ്യക്തികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്നതിനാണ് സൗദിയില്‍ തവക്കല്‍ന ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കിയത്
സൗദിയില്‍ തവക്കല്‍ന ആപ്ലിക്കേഷനിലെ സ്റ്റാറ്റസില്‍ തിരിമറി നടത്തിയ 122 പേർ കൂടി പിടിയിലായി. പണം നൽകി ആപ്ലിക്കേഷനിലെ ആരോഗ്യ നില തിരുത്തിയ കേസിലാണ് അറസ്റ്റ്. സ്വദേശികളും വിദേശികളും ഉൾപ്പെടെ പണം കൈപ്പറ്റിയ ഉദ്യോഗസ്ഥർ, ഇടനിലക്കാർ തുടങ്ങിയവരാണ് അറസ്റ്റിലായത്.
സൗദിയില്‍ കോവിഡ് സാഹചര്യത്തില്‍ വ്യക്തികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്നതിന് നിര്‍ബന്ധമാക്കിയ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി നടത്തിയതിനാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. സൗദി അഴിമതി വിരുദ്ധ കമ്മീഷനാണ് ഇത് സംബന്ധിച്ച കൂടുതല് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ദിവസങ്ങള്ക്ക് മുന്പ് കിഴക്കന് പ്രവിശ്യയില് നിന്നും പന്ത്രണ്ടംഗ സംഘത്തെ പിടികൂടിയിരുന്നു. ഇതിന്റെ തുടര് അന്വേഷണത്തിലാണ് കൂടുതല് പേര് പിടിയിലായത്. 122 പേരാണ് പുതുതായി പിടിയിലായത്. പണം നല്കിയാല് തവക്കല്നയിലെ ആരോഗ്യ നില ആവശ്യാനുസരണം മാറ്റി നല്കുമെന്ന് കാണിച്ച് ഇവര് സമൂഹ മാധ്യമങ്ങള് വഴി പ്രചരണം നടത്തിയിരുന്നു. ഇത് ശ്രദ്ധയില് പെട്ടതിനെ തുടര്ന്നാണ് അഴിമതി വിരുദ്ധ സമിതി അന്വേഷണമാരംഭിച്ചത്. തുടക്കത്തില് പിടിയിലായ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല് പേര് വലയിലായത്. പിടിയിലായവരില് സ്വദേശികളും വിദേശികളും ഉള്പ്പെടെ പണം കൈപ്പറ്റിയവരും ഇടനിലക്കാരായി പ്രവര്ത്തിച്ചവരും പണം നല്കി പ്രയോജനം നേടിയവരും ഉള്പ്പെടും. പ്രതിരോധ ശേഷി ആര്‍ജിച്ചു എന്ന് തെളിയിക്കുന്നതിനുള്ള സ്റ്റാറ്റസാണ് അധിക പേരും പണം നല്‍കി നേടിയത്.
Adjust Story Font
16