തീർത്ഥാടകർക്ക് മികച്ച സേവനം: കരാറിൽ ഒപ്പുവെച്ച് ലുലു ഗ്രൂപ്പും ഇന്തോനേഷ്യൻ ഹജ്ജ് ബോർഡും
ഇതിന്റെ ഭാഗമായി മക്ക മദീന എന്നിവിടങ്ങളിൽ ലുലു 140ലേറെ സ്പെഷ്യൽ സ്റ്റോറുകൾ തുറക്കും
റിയാദ്: ഇന്തോനേഷ്യൻ ഹജ്ജ് തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കാനുള്ള കരാറിൽ ലുലു ഗ്രൂപ്പ് ഒപ്പുവച്ചു.സൗദി ലുലു ഗ്രൂപ്പും ഇന്തോനേഷ്യൻ ഹജ്ജ് ബോർഡുമാണ് സംയുക്ത കരാറിൽ ഒപ്പുവെച്ചത്. ഇന്തോനേഷ്യയിൽ നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനവും പരിചരണവും നൽകുക, ഉയർന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ നൽകുക എന്നിവയാണ് കരാർ ലക്ഷ്യങ്ങൾ. ഇതിന്റെ ഭാഗമായി മക്ക മദീന എന്നിവിടങ്ങളിൽ 140ലേറെ സ്പെഷ്യൽ സ്റ്റോറുകൾ തുറക്കും. ഗ്രോസറി, ഭക്ഷ്യ ഉത്പന്നങ്ങൾ മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ശേഖരാമായിരിക്കും ലഭ്യമാക്കുക.
ഹജ്ജ് ഉംറ കർമ്മങ്ങൾക്കായി സൗദി അറേബ്യയിലേക്ക് ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ. പ്രതിവർഷം 2.5 മില്യൺ തീർത്ഥാടകരിലേറെയാണ് ഇന്തോനേഷ്യയിൽ നിന്ന് എത്തുന്നത്. തീർത്ഥാടകർക്ക് ആവശ്യമായ വസ്തുക്കൾ മികച്ച നിലവാരത്തിലും ഗുണമേന്മയിലും ഉറപ്പുവരുത്തുകയാണ് ലുലു റീട്ടെയ്ൽ ഗ്രൂപ്പിന്റെ ലക്ഷ്യം. ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, ഇന്തോനേഷ്യൻ ഹജ്ജ് ഫണ്ട് മാനേജ്മെന്റ് ഏജൻസി എക്സിക്യൂട്ടീവ് ബോർഡ് അംഗം ഹാരി അലക്സാണ്ടർ എന്നിവരാണ് കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചത്. ഇരു കക്ഷികൾക്കും ഗുണകരമാകും വിധമാണ് കരാർ തയ്യാറാക്കിയിട്ടുള്ളത്. സലീം വിഐ, റഫീക് മുഹമ്മദ് അലി, ഇന്തോനേഷ്യൻ ട്രേഡ് കൌൺസിൽ ജിദ്ദ ഡയറക്ടർ ബാഗാസ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.
Adjust Story Font
16