യുഎസ് പ്രസിഡണ്ട് ഇന്ന് വൈകുന്നേരമെത്തും; സൗദിയെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ബൈഡൻ എത്തുമ്പോൾ കൗതുകത്തോടെ ലോകം
നാല് പ്രധാന വിഷയങ്ങൾ ഇന്ന് ചർച്ചയിലുണ്ടാകും. അതിൽ ഭൂരിഭാഗവും യുഎസ് താൽപര്യങ്ങളാണ്. സൗദി എന്ത് നിലപാടെടുക്കുമെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.
- Updated:
2022-07-15 01:32:18.0
രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇന്ന് സൗദിയിലെത്തും. ഇന്ത്യൻ സമയം രാത്രി എട്ടരക്കാണ് ബൈഡൻ ഇസ്രയേലിൽ നിന്നും നേരിട്ട് സൗദിയിലെത്തുക. സൗദി രാജാവുമായും കിരീടാവകാശിയുമായും അദ്ദേഹം ഇന്ന് ചർച്ച നടത്തും. ആഗോള എണ്ണവില, യമൻ ഇറാൻ വിഷയങ്ങൾ, യുക്രൈൻ പ്രതിസന്ധി, ഇസ്രയേൽ -ഫലസ്തീൻ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
ആദ്യമായി സൗദിയിലെത്തുകയാണ് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. അധികാരത്തിലെത്തിയ ശേഷം സൗദിക്ക് ഭ്രഷ്ടുണ്ടാകുമെന്ന് പ്രഖ്യാപിച്ച യുഎസ് പ്രസിഡണ്ടിന്റെ സൗദി സന്ദർശനം ഗൗരവത്തോടെയാണ് ലോക മാധ്യമങ്ങൾ കാണുന്നത്. ഇന്ന് വൈകുന്നേരം സൗദി സമയം അഞ്ചരക്ക് തെൽഅവീവിൽ നിന്നും ജിദ്ദയിലേക്ക് നേരിട്ടാണ് വിമാനമെത്തുക. വൈകുന്നേരം 6.15ന് സൗദി രാജാവുമായും 6.45ന് കിരീടാവകാശിയുമായും ബൈഡൻ ചർച്ച നടത്തും. ജിദ്ദയിലെ സലാം കൊട്ടാരത്തിലാണ് ചർച്ച നടക്കുക.
നാല് പ്രധാന വിഷയങ്ങൾ യുഎസ് പ്രസിഡണ്ടിന്റെ സന്ദർശനത്തിലുണ്ടാകും. ഒന്ന്, ആഗോള വിലയേറ്റത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ വില കുറയാൻ സൗദിയോട് കൂടുതൽ എണ്ണ വിതരണം ആവശ്യപ്പെടുക. എണ്ണവിലയുടെ ബലത്തിൽ റഷ്യ നടത്തുന്ന യുക്രൈൻ അധിനിവേശത്തെ സമ്മർദ്ദത്തിലാക്കലും യുഎസ് ലക്ഷ്യമാണ്. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി പൂർണമായും നിർത്താനും യുഎസിന് കൂടുതൽ എണ്ണ വിതരണം സൗദിയിൽ നിന്നും ഉറപ്പു വരുത്തണം. എന്നാൽ റഷ്യയുമായി മികച്ച ബന്ധമുള്ള സൗദി ഇതിനു മുതിരുമോ എന്നതാണ് ലോകം കാത്തിരിക്കുന്നത്. ക്രൂഡ് ഓയിൽ ഉത്പാദനത്തിലെ മെഷീനുകൾ തണുപ്പിക്കാനുള്ള ഇന്ധനം സൗദി ഇപ്പോൾ ഇരട്ടിയിലേറെ വാങ്ങുന്നതും റഷ്യയിൽ നിന്നാണ്.
രണ്ടാമത്തെ വിഷയം, ഇറാന്റെ സ്വാധീനം മേഖലയിൽ കുറക്കാൻ ഇസ്രയേലുമായുള്ള അറബ് രാജ്യങ്ങളുടെ ബന്ധം ഊഷ്മളമാക്കലാണ്. ശനിയാഴ്ച നടക്കുന്ന ജിസിസി ഉച്ചകോടിയിൽ അംഗരാഷ്ട്രങ്ങൾക്ക് പുറമെ ജോർദാൻ, ഈജ്പിത്, ഇറാഖ് എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായി എല്ലാ രാജ്യങ്ങൾക്കും വ്യോമ പാത തുറന്നിട്ടതായി സൗദി സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. എന്നാൽ ഇസ്രയേലുമായി നേരിട്ടുള്ള ബന്ധം ഫലസ്തീൻ രാഷ്ട്രം പിറക്കാതെ സൗദി അനുവദിക്കുമോ എന്നതും പ്രധാനമാണ്.
മൂന്നാമത്തേത്, യമൻ യുദ്ധം അവസാനിപ്പിക്കലും സമ്പൂർണ വെടിനിർത്തലുമാകും. ഇതിന് സമ്മതിച്ചാൽ സൗദിക്ക് കൂടുതൽ പ്രതിരോധ ആയുധങ്ങൾ കൈമാറാൻ യുഎസ് തയ്യാറാകും. നാലാമത്തേത്, സൗദിക്ക് ഈജിപ്ത് വിട്ടു നൽകാൻ തീരുമാനിച്ച രണ്ട് ദ്വീപുകളുടെ കാര്യമാണ്. ഇതിന് ഇസ്രയേലിന്റേയും യുഎസിന്റേയും സഹായം സൗദിക്ക് വേണ്ടതുണ്ട്.
ട്രംപ് ഭരണകൂടവുമായി മികച്ച ബന്ധമായിരുന്നു സൗദിക്കുണ്ടായിരുന്നത്. ബൈഡൻ ഭരണകൂടം തിരിച്ചായിരുന്നു. നിലവിലെ സാഹചര്യത്തിൽ ആവശ്യങ്ങൾ കൂടുതലും യുഎസിനാണ്. അതു കൊണ്ടു തന്നെ ചർച്ചയും കൂടിക്കാഴ്ചയും ലോക ശ്രദ്ധ നേടുകയും ചെയ്യുന്നു.
Adjust Story Font
16