ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദ; ശിക്ഷാ നടപടി വേണമെന്ന് ഇസ്ലാമിക രാജ്യങ്ങള്‍
മതപരമായ ആക്ഷേപങ്ങളുള്ള ട്വീറ്റുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വിശദീകരിച്ചു
ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയില്‍ പ്രതിഷേധവുമായി സൗദി അറേബ്യയും രംഗത്തെത്തി. അറബ് ലീഗും മറ്റു നിരവധി രാജ്യങ്ങളും സംഘടനകളുമടക്കം കഴിഞ്ഞ ദിവസം ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചു വരുത്തിയാണ് ഖത്തറും കുവൈത്തും പ്രതിഷേധമറിയിച്ചത്. മുസ്ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ തുടരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നടപടി വേണമെന്നുമാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ നിലപാട്.
ബിജെപി നേതാക്കളായ നുപുര്‍ ശര്‍മായും നവീന്‍ ജിന്‍ഡാലും നടത്തിയ പ്രവാചക നിന്ദയില്‍ ഇന്ന് പുലര്‍ച്ചെയാണ് സൗദി വിദേശ കാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്. ബിജെപി നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്യുകയും ചെയ്തു.
22 രാജ്യങ്ങളുള്‍പ്പെടുന്ന അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗും ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിലും അറബ് ലോകത്ത് പ്രതിഷേധം കനക്കുകയാണ്. മതപരമായ ആക്ഷേപങ്ങളുള്ള ട്വീറ്റുകള്‍ ഒരുതരത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വിശദീകരിച്ചു.
അതേ സമയം പ്രവാചകനിന്ദ നടത്തിയ നേതാക്കള്‍ക്കെതിരായ ബി.ജെ.പി നടപടിയെ ഖത്തര്‍ സ്വാഗതം ചെയ്തു. കുവൈത്ത് അംബാസിഡറും സമാനമായി മറുപടി നല്‍കി. മുസ്ലിം സമുദായത്തിന്റെ സുരക്ഷയും അന്തസ്സും ഉറപ്പു വരുത്തണമെന്ന് ഇന്ത്യയോട് ഒഐസി ആവശ്യപ്പെട്ടു.
Adjust Story Font
16