റമദാൻ മാസപ്പിറവി ദൃശ്യമായതോടെ ഇരു ഹറമുകളും സജീവമായി.
ഓരോ ദിനവും പണ്ഡിതർ പ്രാർഥനക്ക് നേതൃത്വം നൽകും

റിയാദ്: പുണ്യ റമദാൻ വിരുന്നെത്തിയതോടെ നിറഞ്ഞു കവിഞ്ഞിട്ടുണ്ട് ഇരു ഹറമുകളും. ഇന്നുമുതൽ ദൈർഘ്യമേറിയ രാത്രി നമസ്കാരങ്ങളാലും പ്രാർത്ഥനകൾ കൊണ്ടും സജീവമാകും ഹറമുകൾ. തിരക്ക് നിയന്ത്രിക്കാൻ ഇത്തവണ എഐ സംവിധാനങ്ങളുടെ സഹായത്തോടെ വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി ആയിരക്കണക്കിന് സൈനിക അർദ്ധ സൈനിക വിഭാഗം ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ ഹറമിനും പരിസരത്തും വിന്യസിപ്പിച്ചിട്ടുണ്ട്. ആരോഗ്യ പരിരക്ഷക്കായി പ്രത്യേക സംഘങ്ങളെ മക്കയിലെ ഹറമിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മക്കയിലെ ഹറമിലെ ഇഫ്താർ ഒരുക്കുന്നതിന് ചാരിറ്റി സംഘടനകൾക്ക് മാത്രമാണ് അനുമതി. ഇഷാ നമസ്കാരത്തോടെ റമദാനിലെ പ്രത്യേക രാത്രി നമസ്കാരങ്ങൾക്ക് തുടക്കമാവും. സൗദിയിലെ പ്രമുഖ പണ്ഡിതരും ഖുർആൻ പാരായണ വിദഗ്ധരും ആണ് നമസ്കാരങ്ങൾക്കും പ്രാർത്ഥനക്കും നേതൃത്വം നൽകുക. നമസ്കാരങ്ങൾക്ക് അവസാനം പ്രത്യേക പ്രാർത്ഥനയുമുണ്ട്. റമദാനിലെ ഓരോ പുണ്യത്തിനും ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം
Adjust Story Font
16