മാനവിക മൂല്യങ്ങൾ മുറുകെപ്പിടിക്കണം: സി മുഹമ്മദ് ഫൈസി
'വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ മർകസ് നടത്തുന്ന പ്രവർത്തനങ്ങൾ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മനുഷ്യത്വത്തിന് മികച്ച ഉദാഹാരണങ്ങളാണ്'
റിയാദ്: സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള ജീവിതത്തിന് പ്രാധാന്യം നൽകി പ്രയത്‌നിക്കണമെന്നും മാനവിക മൂല്യങ്ങൾക്ക് വിലകൽപ്പിച്ചുള്ള ജീവിതം നയിക്കുന്ന മുസ്‌ലിംകൾക്ക് സമ്പത്തികമായും ശാരീരികമായും മാനസികമായും കൂടുതൽ വിശുദ്ധി സാധ്യമാക്കാനുള്ള അവസരമാണ് റമദാനെന്നും കേരള ഹജ്ജ് കമ്മറ്റി ചെയർമാനും മർകസുസ്സഖാഫത്തിസ്സുന്നിയ്യ ഡയറക്ടർ ജനറലുമായ സി. മുഹമ്മദ് ഫൈസി. മർകസ് റിയാദ് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താറിൽ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ മർകസ് നടത്തുന്ന പ്രവർത്തനങ്ങൾ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മനുഷ്യത്വത്തിന് മികച്ച ഉദാഹാരണങ്ങളാണ്. കഴിഞ്ഞു പോയ നാളുകളിൽ മർകസ് നടത്തിയ സാംസ്‌കാരിക വിപ്ലവത്തിന്റെ അനുഗുണങ്ങൾ കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകത്താകമാനം ജനങ്ങൾക്കും ഉപകാരപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മർകസ് നടത്തുന്ന ജീവ കാരുണ്യ പൊതു സേവന പ്രവർത്തനങ്ങളെ മർകസ് ഗ്ലോബൽ കൗൺസിൽ അസിസ്റ്റന്റ് ഡയറക്ടർ മർസൂഖ് സഅദി സദസ്സിനു പരിചയപ്പെടുത്തി.
അൽ ഫാരിസ് ഇസ്തിറാഹായിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഡോക്ടർ അബ്ദുൽ അസീസ് (നാഷണൽ ഗാർഡ്), സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ഐ.സി.എഫ്, ആർ.എസ്.സി നേതാക്കൾ, പണ്ഡിതന്മാർ തുടങ്ങി സമൂഹത്തിലെ നാനാ തുറയിൽപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. മർക്കസ് റിയാദ് പിആർഒമാരായ മൂസ സഖാഫി ചുള്ളിക്കോട്, ഹസൈനാർ ഹാറൂണി എന്നിവരെ ചടങ്ങിൽ സി മുഹമ്മദ് ഫൈസി ആദരിച്ചു.
മർകസ് പ്രസിഡൻറ് അബ്ദുൽ നാസർ അഹ്‌സനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫസൽ കുട്ടശ്ശേരി സ്വാഗതവും അബ്ദുൽ ഖാദർ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.
Adjust Story Font
16