സൗദിയിൽ കോവിഡ് പ്രോട്ടോകോളുകളിലെ ഇളവുകൾ റദ്ദാക്കിയത് ഇന്ന് മുതൽ പ്രാബല്യത്തില്‍
മാസ്ക് ധരിക്കുന്നതിലുൾപ്പെടെ നേരത്തെ നൽകിയിരുന്ന പല ഇളവുകളും ഇന്ന് മുതൽ റദ്ദാക്കി
സൗദിയിൽ കോവിഡ് പ്രോട്ടോകോളുകളിൽ നൽകിയിരുന്ന ഇളവുകൾ റദ്ദാക്കിയത് ഇന്ന് മുതൽ പ്രാബല്യത്തിലായി. കോവിഡ് വ്യാപനത്തിന്‍റെ പുതിയ തരംഗം രൂപപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിരോധനടപടികൾ ശക്തമാക്കിയത്. മാസ്ക് ധരിക്കുന്നതിലുൾപ്പെടെ നേരത്തെ നൽകിയിരുന്ന പല ഇളവുകളും ഇന്ന് മുതൽ റദ്ദാക്കി.
രാജ്യത്ത് പ്രതിദിന കേസുകളിൽ ഇന്നും നേരിയ വർധനവാണ് റിപ്പോർട്ട് ചെയ്തത്. 752 പേർക്ക് ഇന്നും പുതിയതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 3,668 പേർക്ക് പുതിയതായി കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണും ഉൾപ്പെടും. അയ്യായിരത്തോളം പേർ നിലവിൽ ചികിത്സയിലുണ്ട്. വരും ദിവസങ്ങളിൽ കേസുകൾ ഇനിയും ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്രതിരോധ നടപടികൾ കർശനമാക്കിയത്.
കടകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തിയേറ്ററുകൾ, റസ്റ്റോറന്‍റുകള്‍, പള്ളികൾ, കളി സ്ഥലങ്ങൾ തുടങ്ങി അടച്ചിട്ടതും തുറസ്സായതുമായ മുഴുവൻ സ്ഥലങ്ങളിലും കർശനമായ പ്രതിരോധ നടപടികൾ പാലിക്കേണ്ടതാണ്. വീഴ്ച വരുത്തുന്നവരെ കണ്ടെത്താൻ രാജ്യത്തൊട്ടാകെ ഇന്ന് മുതൽ പരിശോധനയും ശക്തമാക്കി. വീഴ്ച വരുത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പിഴ ചുമുത്തുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കും. ഇന്ന് മുതൽ മക്ക മദീന ഹറമുകളിൽ നമസ്കാരത്തിനും ഉംറക്കും എത്തുന്നവരും സാമൂഹിക അകലം പാലിക്കണം. സാമൂഹിക അകലം പാലിച്ച് കൊണ്ട് കർമ്മങ്ങൾ ചെയ്യാൻ സഹായകരമാകും വിധം ഹറം പള്ളികളിൽ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്.
Adjust Story Font
16