മക്ക ഹറമിലേക്ക് കുട്ടികള്‍ക്കും പ്രവേശനം നല്‍കി തുടങ്ങി
വാക്‌സിനെടുത്ത 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഉംറക്കും നമസ്‌കാരത്തിനും അനുമതി നൽകുമെന്ന് ഒരാഴ്ച മുമ്പ് തന്നെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.
മക്കയിലെ ഹറം പള്ളിയിലേക്ക് കുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി. അനുമതി നകിയതിന് പിന്നാലെ ഉംറ നിർവ്വഹിക്കുവാനും നമസ്‌കരിക്കുവാനുമായി നിരവധി കുട്ടികൾ ഹറം പള്ളിയിലെത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് ഹറം പള്ളിയിലേക്ക് പ്രവേശനത്തിന് അനുമതി ഉണ്ടായിരുന്നില്ല.
സൗദിയിൽ കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിൽ ഹറം പള്ളിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിരുന്നുവെങ്കിലും, വാക്‌സിനേഷൻ പദ്ധതി ആരംഭിച്ചതോടെ ഘട്ടം ഘട്ടമായി പ്രവേശനം അനുവദിച്ച് തുടങ്ങിയിരുന്നു. എന്നാൽ വാക്‌സിനേഷൻ സ്വീകരിച്ച 18 വയസ്സിന് മുകളിലുളളവർക്ക് മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്.
എന്നാൽ ഇക്കഴിഞ്ഞ ജൂൺ മാസം അവസാനത്തിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും കൊവിഡ് വാക്‌സിൻ നൽകാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയതോടെ നിരവധി കുട്ടികൾ കുത്തിവെപ്പെടുത്തു. ഇതിനെ തുടർന്നാണ് കുത്തിവെപ്പെടുത്ത കുട്ടികൾക്കും ഹറം പള്ളിയിലേക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്.
വാക്‌സിനെടുത്ത 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഉംറക്കും നമസ്‌കാരത്തിനും അനുമതി നൽകുമെന്ന് ഒരാഴ്ച മുമ്പ് തന്നെ അധികൃതർ പ്രഖ്യാപിച്ചിരുന്നു. അതിനെ തുടർന്ന് 13,000 ത്തിലധികം പെർമിറ്റുകളും കുട്ടികൾക്ക് മാത്രമായി അനുവദിച്ചു. കഴിഞ്ഞ ദിവസം മുതൽ കുട്ടികൾ രക്ഷിതാക്കളോടൊപ്പം ഹറമിലെത്തി ഉംറയിലും നമസ്‌കാരത്തിലും പങ്കെടുത്തതായി ഇരുഹറം കാര്യാലയം അറിയിച്ചു.
ആഭ്യന്തര തീർത്ഥാടകരിലെ വാക്‌സിനെടുത്ത കുട്ടികൾക്ക് മാത്രമാണ് ഇപ്പോൾ ഹറമിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഹറമിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് പഴയത് പോലെ തുടരും.
Adjust Story Font
16