സൗദിയിലെ ആറ് വിമാനത്താവളങ്ങളിൽ വാണിജ്യ കെട്ടിടങ്ങൾ നിർമിക്കും
ഹായിൽ, യാമ്പു, നജ്‌റാൻ, അൽ ബഹ, ബീഷ, റഫ എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളാണ് നവീകരിക്കുന്നത്
ജിദ്ദ: സൗദിയിൽ വിമാനത്താവളങ്ങളോട് ചേർന്ന് വാണിജ്യ കെട്ടിടങ്ങൾ നിർമിക്കാൻ നിക്ഷേപകർക്ക് അവസരം. സൗദിയിൽ ആറ് നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിലാണ് വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള തീരുമാനം. ഇതിനായി നിക്ഷേപകർക്ക് ആവശ്യമായ ഭൂമി കൈമാറും. ഹായിൽ, യാമ്പു, നജ്‌റാൻ, അൽ ബഹ, ബീഷ, റഫ എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളാണ് നവീകരിക്കുന്നത്.
സ്വകാര്യ മേഖലയിൽ പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് ലക്ഷ്യം. സൗദിയിൽ വിമാനത്താവളങ്ങളുടെ വികസന ചുമതലയുള്ള പ്രത്യേക കമ്പനി തന്നെയാണ് ഇതിനും മേൽനോട്ടം വഹിക്കുക. 2013 ലാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്.
വിമാനത്താവളങ്ങളിലെ നിലവിലെ സൗകര്യങ്ങൾ വികസിപ്പിക്കുക, സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുക, യാത്രക്കാരുടെ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയവയും കമ്പനിയുടെ ലക്ഷ്യങ്ങളിൽപ്പെട്ടതാണ്. ജിദ്ദ, റിയാദ്, ദമ്മാം, അൽ ഉല, നിയോം എന്നിവ ഉൾപ്പെടെയുള്ള രാജ്യത്തെ 27 വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളുടെ നിയന്ത്രണവും ചുമതലയും ഈ കമ്പനിക്കാണ്.
.
Adjust Story Font
16