സൗദിയിൽ നാല് ലക്ഷത്തിലധികം ഗാർഹിക തൊഴിലാളികളുടെ കരാറുകൾ പൂർത്തിയാക്കി
റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ മുസാനിദ് വഴിയാണ് രെജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്
റിയാദ്: സൗദിയിൽ നാല് ലക്ഷത്തിലധികം ഗാർഹിക തൊഴിലാളികളുടെ കരാറുകൾ പൂർത്തിയാക്കി. ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ എന്നിവരടങ്ങുന്ന കണക്കാണിത്. റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ മുസാനിദ് വഴിയാണ് രെജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. 412,399 ഗാർഹിക തൊഴിലാളികളുടെ കരാറുകളാണ് പൂർത്തിയാക്കിയത്.
മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് കണക്കുകൾ. ഈ വർഷം ആദ്യ പകുതിയിലെ കണക്കാണിത്. മുപ്പത്തി മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കരാറുകൾ നിലവിൽ മുസാനിദ് വഴി പൂർത്തിയാക്കാം. ഫിലിപ്പീൻസ്, ഉഗാണ്ട, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ കൂടി ഇപ്പോൾ പോർട്ടലിന്റെ ഭാഗമായിട്ടുണ്ട്. ഗാർഹിക തൊഴിലാളികളുടെ രെജിസ്‌ട്രേഷൻ പൂർത്തിയാക്കാനുപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് മുസാനിദ്. ഇത് വഴി തൊഴിൽ കരാറുകൾ രെജിസ്റ്റർ ചെയ്യൽ നിർബന്ധമാക്കിയിരുന്നു.
ഇതോടൊപ്പം ജീവനക്കാരുടെ ശമ്പളവും ബാങ്ക് അക്കൗണ്ട് വഴി ആക്കണമെന്ന് മുസാനിദ് നേരത്തെ അറിയിച്ചിരുന്നു. ഈ നിർദ്ദേശത്തിന് ശേഷമുള്ള പുതിയ കണക്കുകളാണിപ്പോൾ പുറത്തു വിട്ടത്. തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് സേവനവും പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാണ്. 358,980 ഇൻഷുറൻസുകളാണ് ഇത്തവണ അനുവദിച്ചത്. പരാതികൾ സമർപ്പിക്കുന്നതിനുള്ള ഏകീകൃത ചാനലും മുസാനിദിൽ ലഭ്യമാണ്. ഗാർഹിക തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ മേഖല സൃഷ്ടിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുക, തൊഴിൽ പരമായ കരാറുകളുടെ സേവനങ്ങൾ വേഗത്തിലാക്കുക, എന്നിവയാണ് മുസാനിദ് പോർട്ടൽ വഴി ലക്ഷ്യമാക്കുന്നത്.
Adjust Story Font
16