സൗദിയിൽ ഇന്ന് മൂവായിരത്തിലധികം പേർക്ക് കോവിഡ്
ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി
സൗദിയിൽ ഇന്ന് മൂവായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും വർധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേസുകൾ ഉയർന്നതോടെ മക്കയിൽ ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,045 പുതിയ കേസുകളും, 424 രോഗമുക്തിയുമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം പതിമൂവായിരത്തിനും മുകളിലെത്തി. ഇതിൽ 109 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
വൈറസ് വ്യാപനം ഉയർന്നതോടെ മക്കയിൽ ഉംറക്കെത്തുന്ന തീർത്ഥാടകരുടെ തിരക്ക് കുറക്കുന്നതിനും നടപടികളാരംഭിച്ചിട്ടുണ്ട്. ഇനി മുതൽ ഒരു ഉംറ ചെയ്ത് 10 ദിവസം പിന്നിട്ട ശേഷം മാത്രമേ അടുത്ത ഉംറക്ക് അനുമതി ലഭിക്കൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. കോവിഡിന്റെ പുതിയ വ്യാപനം ഉയർന്ന സാഹചര്യത്തിൽ ഹറമിൽ സാമൂഹിക അകലം പാലിക്കണമെന്ന ചട്ടം കഴിഞ്ഞ ദിവസം കർശനമാക്കിയിരുന്നു. ഇതിന് പിറകെയാണ് പുതിയ നിയന്ത്രണം. വാക്സിൻ സ്വീകരിച്ച് ഇമ്മ്യൂൺ ആയ ശേഷം കോവിഡ് ബാധിച്ചാൽ ഏഴു ദിവസത്തിന് ശേഷവും വാക്സിൻ സ്വീകരിക്കാത്തവർക്ക് കോവിഡ് ബാധിച്ചാൽ 10 ദിവസത്തിന് ശേഷവും സ്വമേധയാ രോഗമുക്തി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് തവക്കൽനാ ആപ്ലിക്കേഷനിലും ഈ മാറ്റം പ്രതിഫലിക്കും. കോവിഡ് ബാധിച്ച വ്യക്തിയിൽ നിന്ന് അഞ്ചു മുതൽ ഏഴു ദിവസത്തിനുള്ളിൽ മാത്രമേ വൈറസ് പടരാൻ സാധ്യതയുള്ളൂ എന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
Covid confirmed to more than 3,000 people in Saudi today
Adjust Story Font
16