സൗദിയിൽ കോവിഡ് രോഗികൾ കൂടുന്നു; പ്രതിദിന കേസുകൾ അറുനൂറിന് മുകളിലെത്തി
വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള പ്രത്യേക ബാർക്കോഡ് സ്ഥാപിക്കണമെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി.
സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ ഉയർന്ന് അറുനൂറിന് മുകളിലെത്തി. കോവിഡിൻ്റെ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളുടെ വ്യാപനം പ്രതിദിനം വർധിച്ച് വരുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതർ നിരീക്ഷിച്ച് വരുന്നത്. വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളാരംഭിച്ചു.
ചെറുതും വലുതമായ മുഴുവൻ സ്ഥാപനങ്ങളിലും കയറി ഇറങ്ങി ജീവനക്കാരുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വിഴ്ച വരുത്തുന്ന ജീവനക്കാർക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നുമുണ്ട്. ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് ഫെബ്രുവരി ഒന്ന് മുതൽ പൊതു സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തും.
ഷോപ്പിങ് മാളുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഓരോരുത്തരും വാക്സിൻ സ്റ്റാറ്റസ് യാന്ത്രികമായി പരിശോധിക്കണം.ഇതിനായി വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള പ്രത്യേക ബാർക്കോഡ് സ്ഥാപിക്കണമെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി. ഷോപ്പിംഗ് മാളുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തവക്കൽന ആപ്ലിക്കേഷൻ വഴി ഉപഭോക്താവ് ഈ ബാർക്കോഡ് സ്കാൻ ചെയ്യണം. ഷോപ്പിങിനെത്തുന്നവർ ബാർക്കോഡ് സ്കാൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേകം ജീവനക്കാരെ നിയമിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്.
എന്നാൽ ഭക്ഷ്യവിൽപ്പന കടകൾ, ലോൻട്രികൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ തുടങ്ങിയ ചെറുകിട മേഖലയിലെ കടകളിലെത്തുന്ന ഉപഭോക്താക്കൾ സാധാരണപോലെ തവക്കൽന ആപ്ലിക്കേഷനിലെ ഇമ്മ്യൂണ് സ്റ്റാറ്റസ് ജീവനക്കാരെ ബാധ്യപെടുത്തിയാൽ മതിയാകും.
Adjust Story Font
16