ആഗസ്റ്റ് മൂന്നിന് നിർണായക ഒപെക് യോഗം; എണ്ണ വിഷയത്തിൽ റഷ്യയും സൗദിയും ചർച്ച നടത്തി
എണ്ണോത്പാദക രാജ്യങ്ങളുടെ നിർണായക യോഗത്തിന് മുന്നോടിയായി സൗദിയും റഷ്യയും വിവിധ വിഷയങ്ങളിൽ ധാരണയിലെത്തി
എണ്ണോത്പാദക രാജ്യങ്ങളുടെ നിർണായക യോഗത്തിന് മുന്നോടിയായി സൗദിയും റഷ്യയും വിവിധ വിഷയങ്ങളിൽ ധാരണയിലെത്തി. ആഗോള എണ്ണ വിപണിയിലെ വില കുറയാതിരിക്കാൻ ഉത്പാദനം വെട്ടിക്കുറച്ച ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയുടെ നടപടി സെപ്തംബർ വരെ തുടരാൻ ധാരണയായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആഗസ്ത് മൂന്നിനാണ് ഒപെക് യോഗം..
വരുന്ന ബുധനാഴ്ചയാണ് എണ്ണോത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്‍റെ നിർണായക യോഗം. ഒപെകിനെ പുറമെ നിന്ന് പിന്തുണക്കുന്ന റഷ്യയും യോഗത്തിൽ പങ്കെടുക്കും. ഇതിനു മുന്നോടിയായാണ് സൗദിയുമായി റഷ്യയുടെ കൂടിക്കാഴ്ച. സൗദി അറേബ്യയുടെ ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാനുമായി റഷ്യൻ ഉപപ്രധാനമന്ത്രിയും ഒപെക് ചർച്ചാ പ്രതിനിധിയുമായ അലക്സാണ്ടർ നൊവാക്ക് കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇരുവരും ചർച്ച ചെയ്തു. കോവിഡ് സാഹചര്യത്തിൽ എണ്ണോത്പാദക രാജ്യങ്ങൾ ഉത്പാദനവും വിതരണവും വെട്ടിക്കുറച്ചിരുന്നു. എണ്ണ വിതരണത്തിൽ നിന്ന് പ്രതിദിനം 9.7 ദശലക്ഷം ബാരലിന്റെ കുറവാണ് വരുത്തിയത്. ഇതിതുവരെ പുനസ്ഥാപിച്ചിട്ടില്ല. പുനസ്ഥാപിച്ചാൽ എണ്ണ വില കുറയും.കോവിഡ് പ്രതിസന്ധി തീരാത്ത സാഹചര്യത്തിൽ ഇതിന് ഉത്പാദക രാജ്യങ്ങൾ തയ്യാറാകില്ല.
റഷ്യയുടെ ഏറ്റവും വലിയ വരുമാന മാർഗമാണ് നിലവിൽ എണ്ണ വിതരണം. സബ്സിഡി നിരക്കിലാണ് റഷ്യ വിവിധ ഏഷ്യൻ രാജ്യങ്ങൾക്ക് എണ്ണ നൽകുന്നത്. യുക്രൈൻ അധിനിവേശം നടത്തുന്ന റഷ്യയെ പ്രതിരോധത്തിലാക്കാനും ആഗോള എണ്ണവില കുറക്കാനും യുഎസിന് എണ്ണോത്പാദനം കൂട്ടേണ്ടത് ആവശ്യമാണ്. ഇതിനാൽ, ഉത്പാദനവും വിതരണവും കൂട്ടണമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ സൗദിയിലെത്തിയപ്പോൾ കിരീടാവകാശിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒപെക് പരിധിക്കകത്ത് നിന്നു കൊണ്ട് മാത്രമേ വർധിപ്പിക്കാനാകൂ എന്നായിരുന്നു സൗദി നിലപാട്. ഇതിൽ സൗദിക്ക് സാധിക്കുന്ന പരിധിയും കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സൗദിയുടെ ഈ തീരുമാനം പ്രാബല്യത്തികാൻ മൂന്ന് വർഷമെങ്കിലുമെടുക്കുമെന്ന് വൈറ്റ്ഹൗസ് തന്നെ പ്രസ്താവിച്ചു. അന്നും എണ്ണ വില വർധിച്ചു. പുതിയ ധാരണ പ്രകാരം എണ്ണോത്പാദനം കൂട്ടിയില്ലെങ്കിൽ യുഎസ് പ്രസിഡണ്ടിന്റെ സന്ദർശനം പാഴായതിന് തുല്യമാകും. ഒപ്പം എണ്ണ വില വർധിക്കും. പണപ്പെരുപ്പം കൂടുന്ന യുഎസിൽ ബൈഡന്റെ സ്ഥിതി പരുങ്ങലിലാകും. ഇതിനാൽ തന്നെ നിർണായകമാണ് ബുധനാഴ്ച നടക്കുന്ന യോഗം. നിലവിൽ, സെപ്തംബർ വരെ നിലവിലെ സ്ഥിതി തുടരാമെന്നാണ് ഉത്പാദക രാജ്യങ്ങളുടെ ധാരണ. അങ്ങിനെ സംഭവിച്ചാൽ വിലയേറുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണക്ക് കൂട്ടൽ.
Adjust Story Font
16