സുപ്രീംകോടതി വിധി സ്വാഗതാർഹം; ദമ്മാം മീഡീയ ഫോറം
മീഡിയ വണ്ണിന്റെ വിലക്ക് നീക്കിക്കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി സ്വാഗതാർഹമാണെന്ന് ദമ്മാം മീഡീയ ഫോറം പ്രസ്താവനയിൽ പറഞ്ഞു. ചരിത്ര വിധിയായി ഇന്ത്യൻ മാധ്യമ ലോകത്ത് ഈ വിധിയെ രേഖപ്പെടുത്തും.
കേസിന്റെ വിവിധ ഘട്ടങ്ങളിൽ മീഡിയവൺ ഉയർത്തിയ എല്ലാ ന്യായ വാദങ്ങളെയും ഇന്ത്യൻ ഭരണഘടനയുടെ ഉത്തമമായ മൂല്യങ്ങളുമായി ഇഴചേർത്തുകൊണ്ട് സുപ്രീം കോടതി അംഗീകരിച്ചു എന്നതാണ് ഈ വിധിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ദുർവ്യാഖ്യാനിക്കാൻ പഴുതകളില്ലാത്ത വിധം അത്രയും വിശദമായ വിധിന്യായമാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഭരണഘടനാനുസൃതമായ മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാൻ സീൽ ചെയ്ത കവറുമായി കോടതിയെ സമീപിക്കുന്ന ഫാസിസ്റ്റ് തീവ്രവാദികൾക്ക് ലഭിച്ച തിരിച്ചടി കൂടിയാണ് ഈ വിധി.
മാധ്യമങ്ങളെ വിരട്ടി വരുതിയിൽ നിർത്തുന്ന മോഡി ഭരണകൂടത്തിന്റെ നിലപാട് അവസാനിപ്പിക്കണമെന്നും ദമ്മാം മീഡിയ ഫോറം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നിർഭയം പ്രവർത്തിക്കാനുള്ള അവസരം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്നും ഫോറം പ്രസിഡന്റ് മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി സുബൈർ ഉദിനൂർ, ട്രഷറർ നൗശാദ് ഇരിക്കൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Adjust Story Font
16