അന്താരാഷ്ട്ര ടയര്‍ കമ്പനികളുമായി ചേര്‍ന്ന് സൗദിയില്‍ ടയര്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുന്നു
നിര്‍മ്മാണ കരാര്‍ ഉടന്‍ ഒപ്പ് വെക്കുമെന്ന് ധാതുവിഭവ മന്ത്രി
സൗദി അറേബ്യ ആന്താരാഷ്ട്ര തലത്തിലുള്ള ടയര്‍ കമ്പനികളുമായി ചേര്‍ന്ന് രാജ്യത്ത് ടയര്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുന്നു. രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായ ശൃംഖല വിപുലീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ഇതിനായി അന്താരാഷ്ട്ര ടയര്‍ നിര്‍മ്മാണ ഫാക്ടറികളുമായി ചേര്‍ന്ന് രാജ്യത്ത് ടയര്‍ നിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിക്കുമെന്ന് വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറയിഫ് പറഞ്ഞു. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന്റെ വേദിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുക. കമ്പനികളുമായി ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. ധാരണപ്രകാരമുള്ള കരാറില്‍ ഉടന്‍ ഒപ്പ് വെക്കുമെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്ട്രാറ്റജി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് വാഹന ഫാക്ടറികള്‍ രാജ്യത്ത് ആരംഭിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ലൂസിഡ്, സീര്‍, ഹ്യൂണ്ടായ് എന്നീ കമ്പനികളുമായി ചേര്‍ന്നാണ് ഫാക്ടറി സ്ഥാപിക്കുന്നത്. ഈ ഫാക്ടറികളില്‍ നിന്ന് 2030ഓടെ രാജ്യത്തെ വാഹന വിപണിക്കാവശ്യമായ അന്‍പത് ശതമാനം വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16