പ്രവാസി ചാമ്പ്യൻസ് ട്രോഫി; സീനിയർ വിഭാഗം ഫൈനലിൽ സബീൻ എഫ്.സിയും ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഏറ്റുമുട്ടും
ജിദ്ദ: പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് സൗദി പടിഞ്ഞാറൻ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച ' പ്രവാസി ചാമ്പ്യൻസ് ട്രോഫി' ഇലവൻസ് ഫുട്ബാൾ ടൂൺന്മെന്റിലെ സെമി ഫൈനലുകൾ കഴിഞ്ഞ ആഴ്ച നടന്നു. വസീരിയ അൽ തആവുൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ശക്തരായ ചാംസ് സബീൻ എഫ്.സിയും അബീർ ആൻഡ് ടെക്‌സോപാക്ക് ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഫൈനലിൽ പ്രവേശിച്ചു. വെറ്ററൻസ് വിഭാഗം ഫൈനലിൽ സമാ യുനൈറ്റഡ് ഫുട്ബാൾ ലവേഴ്‌സ്, ജിദ്ദ ഫ്രൈഡേ ഫ്രണ്ട്‌സിനേയും, ജൂനിയർ വിഭാഗം ഫൈനലിൽ അംലാക് ആരോ ടാലന്റ് ടീൻസ്, സ്‌പോർട്ടിങ് യൂനൈറ്റഡിനെയും നേരിടും.
വെറ്ററൻസ് വിഭാഗത്തിലെ രണ്ടാം സെമി ഫൈനലിൽ ജിദ്ദ ഫ്രൈഡേ ഫ്രണ്ട്സ് ടൈ ബ്രേക്കറിൽ ബനിമാലിക് എഫ്.സിയെ പരാജയപ്പെടുത്തി. ഫ്രൈഡേ ഫ്രണ്ട്‌സ് ഗോൾകീപ്പർ ഷുഹൈബ് മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. അൽഅബീർ മാർക്കറ്റിങ് മാനേജർ കുഞ്ഞാലി മാൻ ഓഫ് ദ മാച്ച് ട്രോഫി സമ്മാനിച്ചു. ജൂനിയർ വിഭാഗത്തിലെ ആദ്യ സെമിഫൈനലിൽ അംലാക് ആരോ ടാലന്റ് ടീൻസ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സോക്കർ ഫ്രീക്സിനെ പരാജയപ്പെടുത്തി. ടാലന്റ് ടീൻസിനു വേണ്ടി തരീഫ്, മുഹമ്മദ് ഷഹീൻ എന്നിവരാണ് ഗോളുകൾ നേടിയത്. ടാലന്റ് ടീൻസിന്റെ മുഹമ്മദ് ഷിഹാൻ മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസി വെൽഫെയർ പ്രൊവിൻസ് ജനറൽ സെക്രട്ടറി യൂസുഫലി പരപ്പൻ ട്രോഫി നൽകി. ഡോ. മുർഷിദ്, കുഞ്ഞാലി, ആലുങ്ങൽ ചെറിയ മുഹമ്മദ്, സമീർ, നിസാം പാപ്പറ്റ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
ജൂനിയർ വിഭാഗത്തിലെ രണ്ടാം സെമിഫൈനലിൽ സ്‌പോർട്ടിങ് യുനൈറ്റഡ് മിഷാൽ മുജീബ്, മുഹമ്മദ് സഹാം എന്നിവരിലൂടെ നേടിയ രണ്ടു ഗോളുകൾക്ക് ജെ.എസ്.സി സോക്കർ അക്കാദമിയെ പരാജയപ്പെടുത്തി. സ്‌പോർട്ടിങ് യുനൈറ്റഡിലെ മുഹമ്മദ് സഹാമിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. അബീർ എക്‌സ്പ്രസ് മാർക്കറ്റിങ് മാനേജർ ഹമീദ് മികച്ച കളിക്കാരനുള്ള ട്രോഫി നൽകി. ഖാലിദ്, സാദിഖലി തുവ്വൂർ, നാസർ ഫറോക്ക്, ഇസ്മായിൽ കല്ലായി, സക്കീർ, അബ്ദുൾമജീദ് തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. സിഫിന് കീഴിലുള്ള ശക്തരായ നാല് ടീമുകൾ അണിനിരന്ന സീനിയർ വിഭാഗം രണ്ടു സെമിഫൈനൽ മത്സരങ്ങളും സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ കാണികൾക്ക് ആവേശകരമായ ഫുട്ബാൾ അനുഭവമായി. കേരളത്തിൽ നിന്നും റിയാദ്, ദമ്മാം, യാംബു എന്നിവിടങ്ങളിൽ നിന്നുമെത്തിയ നിരവധി താരങ്ങൾ അണിനിരന്ന രണ്ടു മത്സരങ്ങളും മികച്ച മുന്നേറ്റങ്ങൾ കൊണ്ടും മധ്യനിരയുടെ ആസൂത്രണ മികവുകൾ കൊണ്ടും പാറപോലെ ഉറച്ച പ്രതിരോധ കോട്ടകൾ കെട്ടിയും ഇലവൻസ് ഫുട്ബാളിന്റെ എല്ലാ മനോഹാരിതയും ഫുട്ബാൾ പ്രേമികൾക്ക് സമ്മാനിച്ചു.
അബീർ ബ്ലൂ സ്റ്റാർ സലാമത്തക് എഫ്.സിയും ടെക്‌സോ പാക്ക് ആൻഡ് അബീർ ബ്ലാസ്റ്റേഴ്സ് എഫ്.സിയും തമ്മിൽ നടന്ന ഒന്നാം സെമിഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ടെക്‌സോ പാക്ക് ആൻഡ് അബീർ ബ്ലാസ്റ്റേഴ്സ് എഫ്.സി വിജയിച്ചു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പ്രതിരോധം തീർത്ത ക്യാപ്റ്റൻ ഇക്ബാൽ മത്സരത്തിൽ മാൻ ഓഫ് ദ മാച്ചിന് അർഹനായി. തനിമ സൗദി കേന്ദ്ര പ്രസിഡൻറ് നജ്മുദ്ദീൻ അമ്പലങ്ങാടൻ ട്രോഫി കൈമാറി. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജനറൽ സെക്രട്ടറി നിസാം മമ്പാട്, വൈസ് പ്രസിഡന്റ് സലിം മമ്പാട് , മുൻ പ്രസിഡന്റ് ഹിഫ്സു റഹ്‌മാൻ, ഡോ. മുർഷിദ്, കബീർ കൊണ്ടോട്ടി, സലാഹ് കാരാടൻ, വാസു ഹംദാൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
തുല്യ ശക്തികളുടെ പോരാട്ടം കണ്ട രണ്ടാം സെമിഫൈനലിൽ അറബ് ഡ്രീംസ് എ.സി.സി എഫ്.സിയും, ചാംസ് സബീൻ എഫ്.സിയും തമ്മിൽ നടന്ന ശക്തമായ പോരാട്ടത്തിൽ എക്‌സ്ട്രാ ടൈമും കഴിഞ്ഞു ടൈ ബ്രേക്കറിലൂടെ ചാംസ് സബീൻ എഫ്.സി വിജയം കണ്ടു. ടൈ ബ്രേക്കറിൽ എ.സി.സിയുടെ രണ്ടു ഗോളുകൾ തടുത്തിട്ട് സബീൻ എഫ്.സിക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ച ഗോൾ കീപ്പർ നിഹാൽ ആയിരുന്നു മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്. ഫോക്കസ് ജിദ്ദ മേധാവി അബ്ദുൽ റഷാദ് മാൻ ഓഫ് ദ മാച്ച് ട്രോഫി നൽകി. ഇസ്മായിൽ മുണ്ടക്കുളം, അൻവർ വടക്കാങ്ങര, ഷെറി മഞ്ചേരി, സി.എച്ച് ബഷീർ, സി.ടി ശിഹാബ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. വെറ്ററൻസ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഫൈനൽ മത്സരങ്ങൾ അടുത്ത വെള്ളിയാഴ്ച നടക്കും.
Adjust Story Font
16