Quantcast

ചലച്ചിത്ര കാഴ്ചപ്പാടുകൾ നവീകരിക്കപ്പെടണം: വി.കെ ജോസഫ്

'സൗദി അറേബ്യ ചലച്ചിത്രമേഖലയിൽ നടത്തുന്ന ഇടപെടലുകളും പരീക്ഷണങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണ്'

MediaOne Logo

Web Desk

  • Published:

    12 Nov 2024 11:30 AM GMT

Film perspectives must be reformed: VK Joseph
X

റിയാദ്: ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയാണെന്ന പൊതുബോധത്തിൽ പ്രാദേശിക ഭാഷാസിനിമകളെയെല്ലാം ആസൂത്രിതമായി പാർശ്വവത്കരിക്കുകയാണ് ചെയ്തതെന്ന് ചലച്ചിത്ര നിരൂപകൻ വി.കെ ജോസഫ്. റിയാദിലെ ചില്ലയുടെ ചലച്ചിത്ര സംവാദത്തിന് ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫിലിം ക്രിട്ടിക്‌സ് ഇന്ത്യാ ചാപ്റ്ററിന്റെ അധ്യക്ഷനായ അദ്ദേഹം സൗദി മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് ഫിലിം കമ്മീഷൻ സംഘടിപ്പിക്കുന്ന ഫിലിം ക്രിട്ടിക്‌സ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് റിയാദിൽ എത്തിയത്.

സൗദി അറേബ്യ ചലച്ചിത്രമേഖലയിൽ നടത്തുന്ന ഇടപെടലുകളും പരീക്ഷണങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരികമായി ഒരു ജനത എത്രമാത്രം മുന്നോട്ടുപോകുന്നു എന്നതിന്റെ അടയാളമാണത്. ഇന്ത്യ നിന്ന സ്ഥലത്തുനിന്ന് പിറകോട്ടുപോകുമ്പോൾ സൗദി അറേബ്യ മുന്നോട്ട് പോകുകയാണ്. സവർക്കറിനെ അവതരിപ്പിക്കുന്ന സിനിമ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉദ്ഘാടനചിത്രമാകുന്നത് തന്നെ ഇതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചലച്ചിത്ര കാഴ്ചപ്പാടുകൾ നവീകരിക്കപ്പെടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ബാബരി മസ്ജിദിന്റെ തകർക്കലിനോടനുബന്ധിച്ച് മലയാളത്തിൽ ഇറങ്ങിയ ധ്രുവം എന്ന സിനിമ ഉൽപ്പാദിപ്പിച്ച ഫ്യൂഡൽ-വർഗീയ-ഫാസിസ്റ്റ് ബോധം കുറേകാലം മലയാളസിനിമയെ ഭരിച്ചതായും അദ്ദേഹം പറഞ്ഞു. ചലച്ചിത്രപഠനത്തിന് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് സുവർണകമലം ഏറ്റുവാങ്ങിയിട്ടുള്ള വി.കെ ജോസഫ് ചലച്ചിത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

പരിപാടിയിൽ എം. ഫൈസൽ അധ്യക്ഷതവഹിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി കൺവീനർ കെപിഎം സാദിഖ് സംസാരിച്ചു. വി.കെ ജോസഫിന്റെ പ്രഭാഷണത്തിന് ശേഷം നടന്ന ചർച്ചയിൽ സിജിൻ കൂവള്ളൂർ, നജീം കൊച്ചുകലുങ്ക്, ബിനീഷ്, റസൂൽ സലാം, സുമിത്, സതീഷ് വളവിൽ, ഇസ്മായിൽ, നാസർ കാരക്കുന്ന്, വിപിൻ കുമാർ, ഷമീർ കുന്നുമ്മൽ, ബീന, പ്രഭാകരൻ കണ്ടോന്താർ തുടങ്ങിയവർ പങ്കെടുത്തു. ചില്ല കോഡിനേറ്റർ സുരേഷ് ലാൽ സ്വഗതവും സീബ കൂവോട് നന്ദിയും പറഞ്ഞു.

TAGS :

Next Story