സൗദിയിൽ ഇന്ന് പ്രഥമ പതാക ദിനം: രാജ്യത്തുടനീളം പതാക ഉയർത്തി
സൗദിയുടെ ശക്തിയുടെയും പരമാധികാരത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമാണ് ദേശീയ പതാക
ചരിത്രത്തിലാദ്യമായി സൗദി അറേബ്യ ഇന്ന് പതാകദിനം ആചരിച്ചു.എല്ലാ വർഷവും മാർച്ച് 11ന് ദേശീയ പതാക ദിനമായി ആചരിക്കാൻ സൌദി ഭരണാധികാരി ഉത്തരവിട്ടിരുന്നു. വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഹരിത പതാക ഉയർന്നു പറന്നു.
സൗദിയുടെ ശക്തിയുടെയും പരമാധികാരത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമാണ് ദേശീയ പതാക. ഇന്നേവരെ സൌദിക്കകത്തോ പുറത്തോ ഇത് താഴ്ത്തിക്കെട്ടിയിട്ടില്ല. 1727ൽ ആദ്യ സൗദി ഭരണകൂടം നിലവിൽവന്നപ്പോഴുണ്ടായിരുന്ന പതാകയിൽ നിരവധി മാറ്റങ്ങൾ വരുത്തിയതാണ് ഇന്നത്തെ ദേശീയ പതാക. പതാകയുടെ പച്ചനിറം സമാധാനത്തെയും സമൃദ്ധിയെയും വളർച്ചയെയും സൂചിപ്പിക്കുന്നു. ദൈവം ഏകനാണെന്ന് ആലേഖനം ചെയ്തതിനു താഴെ അടിവരയിട്ട വാൾ നീതി നടപ്പാക്കുന്നതിലെ ഇച്ഛാശക്തിയും യുക്തിയും അവധാനതയും സൂചിപ്പിക്കുന്നതാണ്.
നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന പുരാതന രാജ്യം അബ്ദുൽ അസീസ് രാജാവിന്‍റെ നേതൃത്വത്തിൽ സൗദി അറേബ്യയായി പ്രഖ്യാപിക്കുന്നത് 1932 സെപ്റ്റംബർ 23നായിരുന്നു. എന്നാൽ, അക്കാലത്ത് പതാകക്ക് ഭരണകൂടം അംഗീകാരം നൽകിയിരുന്നില്ല. തുടർന്ന് അഞ്ചു വർഷത്തിനുശേഷം 1937 മാർച്ചിലാണ് സൗദി ദേശീയപതാക അംഗീകരിച്ചുള്ള രാജകല്പനയുണ്ടായത്. 86 വർഷമാണ് ഇന്നുള്ള പതാകയുടെ പഴക്കം. എന്നാൽ ഇതുവരെ പതാകദിനമായി ആചരിക്കുന്ന രീതി സൗദിയിൽ ഉണ്ടായിരുന്നില്ല. ആഘോഷത്തിൻ്റെ ഭാഗമായി പ്രധാന തെരുവുകളും ചത്വരങ്ങളും പതാകയാൽ അലംകൃതമായിരുന്നു. പലയിടത്തും പതാകയുടെ ലേസർ പ്രദർശനങ്ങളുമുണ്ടായി. ദേശീയ പതാകയുടെ ചരിത്രവും ആദർശവും പറയുന്ന പരിപാടികളും വിവിധ മുനിസിപ്പാലിറ്റികൾക്ക് കീഴിൽ സംഘടിപ്പിച്ചു. വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഉൾപ്പെടെ എല്ലായിടത്തും ഇന്ന് ഹരിതപതാക ഉയർന്ന് പറന്നു.
Adjust Story Font
16