ഹജ്ജിന് ശേഷമുള്ള ആദ്യ ജുമുഅ; മക്കയിലെ മസ്ജിദുൽ ഹറമിൽ എത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ
ജുമുഅക്ക് ശേഷം മൂന്ന് മണിയോടെ മുഴുവൻ തീർഥാടകരേയും താമസ സ്ഥലങ്ങളിലെത്തിച്ചതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു.
ഹജ്ജിനു ശേഷമുള്ള ആദ്യ ജുമുഅയിലും പ്രാർത്ഥനയിലും പങ്കെടുക്കാൻ മക്കയിലെ മസ്ജിദുൽ ഹറമിൽ എത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. ഇന്ത്യൻ ഹാജിമാർക്കായി ഹജ്ജ് മിഷന് കീഴിൽ പ്രത്യേക ക്രമീകരണങ്ങളൊരുക്കിയിരുന്നു. ജുമുഅക്ക് ശേഷം മൂന്ന് മണിയോടെ മുഴുവൻ തീർഥാടകരേയും താമസ സ്ഥലങ്ങളിലെത്തിച്ചതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു.
ഇന്ത്യൻ ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ ഹാജിമാരെ ഹറമിൽ എത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും നാട്ടിൽ നിന്നെത്തിയ ഹജ്ജ് ഉദ്യോഗസ്ഥരും, സന്നദ്ധ സംഘടന വളണ്ടിയർമാരും ചേർന്ന് പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ബസ് മാർഗമാണ് ഹാജിമാർ താമസ കേന്ദ്രമായ അസീസിയിൽ നിന്നും മസ്ജിദുൽ ഹറമിൽ എത്തിച്ചത്. തിരക്ക് ഒഴിവാക്കാൻ രാവിലെ ആറുമണിക്ക് തന്നെ ഹറമിലേക്കുള്ള മറ്റു ബസ് സർവീസുകൾ അധികൃതർ നിർത്തിവച്ചിരുന്നു. ഇതു കാരണം നിരവധി ഹാജിമാർക്ക് ഇന്ന് ഹറമിൽ എത്താൻ സാധിച്ചില്ല. പലരും ടാക്സിയെ ആശ്രയിക്കേണ്ടി വന്നു. പുലർച്ചെ മുതലേ ഹാജിമാർ ഹറമുകളിലേക്ക് എത്തിത്തുടങ്ങി.
ജുമാ കഴിഞ്ഞ് കൂട്ടമായി പുറത്തിറങ്ങിയതോടെ വലിയ തിരക്കാണ് ഹറം മുറ്റത്ത് അനുഭവപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ ബാരിക്കേടുകൾ വച്ച് തിരക്ക് നിയന്ത്രിച്ചു. ചൂടും അതി കഠിനമായിരുന്നു. ഹാജിമാർക്ക് ചികിത്സ നൽകാൻ ആവശ്യമായ മെഡിക്കൽ സംഘങ്ങളെ ഇന്ത്യൻ ഹ്ജ്ജ മിഷൻ വഴിയിൽ സജ്ജമാക്കിയിരുന്നു. 3 മണിയോടെ മുഴുവൻ തീർത്ഥാടകരെയും താമസസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിച്ചു. ഇന്ത്യയിലേക്കുള്ള ഹാജിമാരുടെ മടക്കം തുടരുകയാണ്. ഇതുവരെ 10000 ത്തോളം ഹാജിമാർ ജിദ്ദ വഴി നാട്ടിലെത്തിയിട്ടുണ്ട്. ഹജ്ജിനു മുന്നേ മദീന സന്ദർശനം പൂർത്തിയാക്കാത്ത ഹാജിമാരുടെ മദീന സന്ദർശനം പുരോഗമിക്കുകയാണ്. ആറായിരത്തോളം തീർത്ഥാടകരാണ് ഇപ്പോൾ മദീന സന്ദർശനത്തിലുള്ളത്. ഇവരുടെ മടക്കം മദീന വിമാനത്താവളം വഴിയായിരിക്കും. ജൂലൈ 13 മുതൽ മദീനയിൽ നിന്നും ഹാജിമാർ നാട്ടിലേക്ക് യാത്ര തിരിക്കും.
Adjust Story Font
16