സൗദിയില്‍ വിദേശ ട്രക്കുകള്‍ നിയമലംഘനത്തിലേര്‍പ്പെട്ടാല്‍ ഇനി മുതല്‍ കടുത്ത പിഴ
അന്‍പത് ലക്ഷം റിയാല്‍ വരെ പിഴയും ട്രക്ക് കണ്ട് കെട്ടുകയും വിദേശിയാണെങ്കില്‍ നാടുകടത്തലിനും വിധേയമാക്കും

ദമ്മാം: നിയമം ലംഘിക്കുകയും രാജ്യത്തിനുള്ളിൽ ചരക്കുകള്‍ കൊണ്ടുപോകുന്നതിൽ ഏർപ്പെടുകയും ചെയ്യുന്ന വിദേശ ട്രക്കുകൾക്ക് കടുത്ത പിഴയുള്‍പ്പെടുന്ന ശിക്ഷകൾ നടപ്പിലാക്കി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി. കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന റോഡ് ലാൻഡ് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിന്റെ വ്യവസ്ഥകൾ അനുസരിച്ചാണ് പുതിയ നടപടി. 10,000 റിയാല്‍ മുതല്‍ 50 ലക്ഷം റിയാൽ വരെ പിഴയും കുറഞ്ഞത് രണ്ടാഴ്ച മുതല്‍ രണ്ട് മാസം വരെ ട്രക്ക് പിടിച്ചെടുക്കുകയും ചെയ്യും. ലംഘനം ആവർത്തിച്ചാല്‍ ട്രക്ക് കണ്ടുകെട്ടുകയും, സൗദി ഇതര കാരിയർമാരെ നാടുകടത്തലിന് വിധേയമാക്കുകയും ചെയ്യുമെന്ന് അതോറിറ്റി വിശദീകരിച്ചു. രാജ്യത്തിന് പുറത്തുനിന്ന് അനുമതി ലഭിച്ച ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തേക്ക് ചരക്കുകള്‍ കൊണ്ടുപോകുന്നതിന് മാത്രമാണ് വിദേശ ട്രക്കുകൾക്ക് അനുമതിയുള്ളത്. ഇത് ലംഘിച്ച് രാജ്യത്തിനകത്തെ നഗരങ്ങൾക്കുള്ളിലോ അവയ്ക്കിടയിലോ ഉള്ള ഗതാഗതത്തിനായി വിദേശ ട്രക്കുകളുമായി കരാറിൽ ഏർപ്പെടുകയോ ചരക്ക് നീക്കം നടത്തുകയോ ചെയ്യുന്നത് കടുത്ത നിയമ ലംഘനമായി പരിഗണിക്കും. അതോറിറ്റി ലൈസൻസുള്ള പ്രാദേശിക കാരിയറുകള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.
Adjust Story Font
16