ദേശീയ ദിനം: നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി
1932 സെപ്റ്റംബർ 23നാണ് ഐക്യ സൗദിയുടെ രൂപീകരണം നടന്നത്
റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഗവൺമെന്റ്, സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. 94ാമത് ദേശീയദിനമാണ് ആഘോഷിക്കാനിരിക്കുന്നത്. 1932 സെപ്റ്റംബർ 23നാണ് ഐക്യ സൗദിയുടെ രൂപീകരണം നടന്നത്. മദീനയും മക്കയും ഉൾപ്പെടുന്ന ഹിജാസ് മേഖലയും റിയാദ് ഉൾപ്പെടുന്ന നജ്ദും ഉൾപ്പെടുന്ന വിശാല സൗദി അറേബ്യയുടെ രൂപീകരണത്തെ സൂചിപ്പിക്കുന്നതാണ് ദേശീയ ദിനം. ഈ മാസം 23 തിങ്കളാഴ്ചയാണ് ദേശീയ ദിനമായി ആചരിക്കുക. 20ാം തീയ്യതി വെള്ളിയാഴ്ച മുതൽ 23 തിങ്കൾ വരെയായിരിക്കും അവധി നൽകുക. ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അവധി പ്രഖ്യാപിച്ചത്.
ഗവൺമെന്റ് മേഖലയിലേയും സ്വകാര്യ മേഖലകളിലെയും മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ലഭിക്കും. നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കായാണിത്. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാർക്ക് ഔദ്യോഗിക ശമ്പളത്തോടെയായിരിക്കും അവധി അനുവദിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. ആഘോഷങ്ങളുടെ ഭാഗമായി എയർ ഷോ അടക്കം വിവിധ പരിപാടികളും അരങ്ങേറും. കഴിഞ്ഞ ദിവസം ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ആഘോഷവുമായി ബന്ധപ്പെട്ട തീം പുറത്തു വിട്ടിരുന്നു.
Adjust Story Font
16