സമസ്ത-ലീഗ് പ്രശ്‌നങ്ങൾക്ക് പിന്നിൽ നാലഞ്ചുപേർ: പി.എ ജബ്ബാർ ഹാജി
പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും സമസ്ത ആദർശ സംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ
ജിദ്ദ: സമസ്ത-മുസ്‌ലിം ലീഗ് പ്രശ്‌നങ്ങൾക്ക് പിന്നിൽ സമസ്തയിലെ നാലോ അഞ്ചോ ആളുകൾ മാത്രമാണെന്ന് സമസ്ത ആദർശ സംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ പി.എ ജബ്ബാർ ഹാജി. സുപ്രഭാതം പത്രത്തിൽ വന്ന വിവാദ പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചതും ഇവർ തന്നെയാണെന്നും സൗദിയിലെ ജിദ്ദയിൽ അദ്ദേഹം പറഞ്ഞു.
രണ്ട് സംഘടനകൾ എന്ന അർത്ഥത്തിൽ സമസ്തയും മുസ്‌ലിം ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നേരത്തെ മുതലേ ഉണ്ടാകാറുണ്ട്. എന്നാൽ അതെല്ലാം പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കാറാണ് പതിവ്. ഇപ്പോഴത്തെ പ്രശ്‌നങ്ങളും അതേ രീതിയിൽ പറഞ്ഞ് തീർത്തതായിരുന്നു. എന്നാൽ പ്രശ്‌നങ്ങൾ അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് വീണ്ടും പലതും വിളിച്ച് പറഞ്ഞ് പ്രശ്‌നങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നതെന്നും സമസ്ത ആദർശ സംരക്ഷണ സമിതി വർക്കിംഗ് ചെയർമാനും മുസ്‌ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ടുകൂടിയായ ജബ്ബാർ ഹാജി കുറ്റപ്പെടുത്തി.
ഈ സംഭവത്തിന് ശേഷവും എല്ലാം പറഞ്ഞ് തീർത്തെങ്കിലും സാദിഖലി തങ്ങളെ അധിക്ഷേപിച്ചു കൊണ്ട് ഉമർ ഫൈസി പ്രസ്താവനയിറക്കി. സമസ്തയിൽ എന്നും പ്രശ്‌നങ്ങളുണ്ടാകണമെന്നാണ് ഇവരുടെ ആഗ്രഹം. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം പത്രത്തിൽ വന്ന പരസ്യം സംഘടനയുടെ നിലപാടുകൾക്ക് വിരുദ്ധവും കേസെടുക്കാനാകും വിധം വർഗീയത പ്രചരിപ്പിക്കുന്നതുമായിരുന്നു. എന്നാൽ അതിന്റെ പേരിൽ നടപടി സ്വീകരിച്ചത് ലേഖകന്റെ പേരിൽ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമസ്ത-ലീഗ് പ്രശ്‌നങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള ഒരു സംഘടനകൾക്കും പങ്കില്ല. രണ്ടര വർഷത്തോളമായി ഏകപക്ഷീയമായി സമസ്തയിലെ നാലോ അഞ്ചോ പേരാണ് എല്ലാ പ്രശ്‌നങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്. ലീഗിനെതിരിലും മറ്റും ഇവർ നടത്തുന്ന കുപ്രചരണങ്ങളുടെ നിജസ്ഥിതി ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കുകയാണ് ആദർശ സംരക്ഷണ സമിതിയുടെ ലക്ഷ്യം. സമസ്ത നേതാക്കളുടെ അനുമതിയോടെയാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ ഖാസി ഫൗണ്ടേഷൻ രൂപീകരിച്ചത്. എന്നിട്ടും സാദിഖലി തങ്ങളെ പരസ്യമായി അധിക്ഷേപിച്ച ഉമർ ഫൈസിയെ സമസ്തയുടെ സ്ഥാനത്ത് നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 11-ാം തിയതി നടക്കാനിരിക്കുന്ന സമസ്ത യോഗത്തിന് മുമ്പ് തന്നെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Adjust Story Font
16