വിമാന കമ്പനികൾക്ക് 38 ലക്ഷം റിയാൽ പിഴ ചുമത്തി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി
യാത്രക്കാർക്കെതിരെയും പിഴ

ജിദ്ദ: സൗദിയിൽ വിമാന കമ്പനികൾക്ക് വൻ തുക പിഴ ചുമത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. യാത്രക്കാർ നൽകിയ പരാതികളും വ്യോമയാന മേഖലയിലെ നിയമലംഘനങ്ങളും പരിഗണിച്ചാണ് നടപടി. വിമാനത്തിനകത്തെ മോശം പെരുമാറ്റത്തിനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനും യാത്രക്കാർക്കെതിരെയും നടപടി സ്വീകരിച്ചു.
വ്യോമയാന ചട്ടങ്ങൾ ലംഘിച്ചതിന് വ്യക്തികൾക്കും വിമാന കമ്പനികൾക്കുമായി 147 നിമയലംഘനങ്ങളാണ് ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ആകെ 38 ലക്ഷം റിയാൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പിഴ ചുമത്തി. യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നതിലും സമയക്രമം പാലിക്കുന്നതിലും വീഴ്ച വരുത്തിയതിന് 10 ലക്ഷത്തിലധികം റിയാലാണ് വിവിധ വിമാന കമ്പനികൾക്ക് പിഴ ചുമത്തിയത്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് 27,70,000 റിയാലും പിഴ ചുമത്തി.
കൂടാതെ, വിമാനത്തിൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനും ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനും യാത്രക്കാർക്ക് 12,000 റിയാലും പിഴ ചുമത്തിയിട്ടുണ്ട്. പ്രീ-രജിസ്‌ട്രേഷൻ സംവിധാനം നടപ്പാക്കുന്നതിലും നിർദേശങ്ങൾ പാലിക്കുന്നതിലും വീഴ്ച വരുത്തിയ വിമാന കമ്പനികൾക്ക് 15,000 റിയാലും പിഴ ചുമത്തി.
വിമാനങ്ങൾ വൈകി പറക്കുക, മുന്നറിയിപ്പില്ലാതെ യാത്ര റദ്ദാക്കുക, ലഗേജുകൾ നഷ്ടമാകുകയോ കേടാവുകയോ ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം യാത്രക്കാർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് പരാതി നൽകാമെന്ന് ഗാക്ക അറിയിച്ചു. ആദ്യം വിമാന കമ്പനികൾക്കും, തുടർന്ന് വിമാന കമ്പനികളിൽ നിന്ന് ലഭിക്കുന്ന മറുപടി ഉൾപ്പെടുത്തി ഗാക്കക്ക് പരാതിനൽകുകയാണ് വേണ്ടത്. gaca-info@gaca.gov.sa, CustomerCare@gaca.gov.sa എന്നീ ഇമെയിലുകളിലാണ് ഗാക്കക്ക് പരാതി നൽകേണ്ടത്.
Adjust Story Font
16