ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ പിറക്കണം; ഇസ്രായേലുമായി അറബ് രാഷ്ട്രങ്ങളെ അടുപ്പിക്കാനുള്ള യു.എസ് നീക്കത്തിന് തിരിച്ചടി
ജറുസലേം ആസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്രം പിറക്കാതെ ഇസ്രയേലുമായി ബന്ധമുണ്ടാകില്ലെന്ന് സൗദിയും ഇന്നലെ ആവർത്തിച്ചിരുന്നു. ഇസ്രയേലിന് വ്യോമ പാത തുറന്നു കൊടുത്തത് എന്തിനാണെന്ന് ചോദിച്ചപ്പോൾ അത് സൗദിയുടെ ആവശ്യമാണെന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ മറുപടി.
റിയാദ്: ഇസ്രായേലുമായി ബന്ധത്തിന് കൂടുതൽ അറബ് രാജ്യങ്ങളെ അടുപ്പിക്കാനുള്ള യുഎസ് ശ്രമം ഫലം കണ്ടില്ല. ജറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം പിറക്കണമെന്ന് സൗദിയും ഖത്തറും ആവർത്തിച്ചു. ഇസ്രായേലുമായി പ്രതിരോധ രംഗത്തെ സഹകരണത്തിന് ഒരു ചർച്ചയും ജിസിസിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രിയും പ്രഖ്യാപിച്ചു. ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാതെ മേഖലയിൽ സമാധാനം പുലരില്ലെന്ന് ജോർദാനും ജിസിസി ഉച്ചകോടിയിൽ പറഞ്ഞു.
ജിസിസി ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാക്കളായി ഇറാഖും ജോർദാനും ഈജിപ്തും ഇത്തവണയെത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷ പ്രസംഗത്തിന് പിന്നാലെ യുഎസ് പ്രസിഡണ്ട് സംസാരിച്ചു. ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച് ഇറാനെതിരെ ഒന്നിച്ച് നീങ്ങണമെന്നായിരുന്നു യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ ആവശ്യം. ഇക്കാര്യം ജിസിസി യുഎസ് സംയുക്ത ഉച്ചകോടിയിൽ അദ്ദേഹം ആവർത്തിച്ചു. ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീൻ രാജ്യം പുനസ്ഥാപിക്കണമെന്നതാണ് അറബ് രാജ്യങ്ങളുടെ ആവശ്യം. ഇത് ഇസ്രായേൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. ജിസിസി ഉച്ചകോടിയിലെ മറുപടി ചർച്ചയിൽ ഖത്തർ ഗൾഫ് രാജ്യങ്ങളുടെ നിലപാട് വ്യക്തമാക്കി. നേരത്തെ അറബ് രാജ്യങ്ങൾ മുന്നോട്ട് വെച്ച ഫോർമുല അംഗീകരിച്ചാൽ ഇസ്രായേലുമായി സഹകരിക്കാം എന്നായിരുന്നു മറുപടി. ഇതോടെ ബൈഡന്റെ നീക്കം പാളി.
ഇക്കാര്യം നേരത്തെ അറബ് രാജ്യങ്ങൾ വ്യക്തമാക്കിയാണ്. ആ സമാധാന ഫോർമുല അംഗീകരിച്ചാൽ അവരുമായി ബന്ധത്തിന് പ്രശ്‌നമില്ല. അത് അംഗീകരിക്കുകയാണ് സമാധാന ശ്രമത്തിന് നല്ലതെന്നും ഖത്തർ അമീർ പറഞ്ഞു. ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാതെ മേഖലയിൽ സമാധാനമുണ്ടാകില്ലെന്ന് ജോർദാനും യോഗത്തിൽ വ്യക്തമാക്കി. ഇസ്രായേലുമായി പ്രതിരോധരംഗത്തെ സഹകരണത്തിന് ഒരു ചർച്ചാ നീക്കം പോലും ജിസിസിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
ജറുസലേം ആസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രം പിറക്കാതെ ഇസ്രയേലുമായി ബന്ധമുണ്ടാകില്ലെന്ന് സൗദിയും ഇന്നലെ ആവർത്തിച്ചിരുന്നു. ഇസ്രയേലിന് വ്യോമ പാത തുറന്നു കൊടുത്തത് എന്തിനാണെന്ന് ചോദിച്ചപ്പോൾ അത് സൗദിയുടെ ആവശ്യമാണെന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ മറുപടി. ചരക്ക് നീക്കം എളുപ്പമാക്കാനും ആഗോള ചരക്കുനീക്ക യാത്രാ ഹബ്ബായി സൗദിയെ മാറ്റുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ഇസ്രയേലിൽ നിന്നും മുസ്ലിംകൾക്ക് മക്കയിലെത്താൻ പ്രത്യേക ചാർട്ടർ വിമാനത്തിനും സാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. കൂടുതൽ രാജ്യങ്ങളുമായി ഇസ്രായേലിനെ അടുപ്പിക്കാമെന്ന യുഎസ് പ്രതീക്ഷ മുന്നോട്ട് പോകില്ലെന്ന് ഉച്ചകോടിയിലെ മറുപടികളിൽ നിന്നും വ്യക്തമായിരുന്നു.
Adjust Story Font
16