ആഗോള ഇസ്‌ലാമിക സമ്മേളനം സമാപിച്ചു; മുസ്‌ലിം ഐക്യം ശക്തിപ്പെടുത്താൻ ആഹ്വാനം
സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നിർദേശപ്രകാരമാണ് മക്കയിൽ ആഗോള ഇസ്‌ലാമിക സമ്മേളനം സംഘടിപ്പിച്ചത്.
ജിദ്ദ: ലോകത്തിലെ ഇസ്‌ലാമിക സംഘടനകളും മുസ്‌ലിം കൂട്ടായ്മകളും പരസ്പര സാഹോദര്യം ശക്തിപ്പെടുത്തണമെന്ന് മക്കയിൽ ചേർന്ന ആഗോള ഇസ്‌ലാമിക സമ്മേളനത്തിന്റെ ആഹ്വാനം. 85 രാജ്യങ്ങളിൽ നിന്ന് 150 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മിതത്വത്തിൻ്റെ സന്ദേശം ഉൾക്കൊള്ളാനും പ്രചരിപ്പിക്കാനും എല്ലാ മുസ്‌ലിം കൂട്ടായ്മകളോടും സമ്മേളനം ആവശ്യപ്പെട്ടു. സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നിർദേശപ്രകാരമാണ് മക്കയിൽ ആഗോള ഇസ്‌ലാമിക സമ്മേളനം സംഘടിപ്പിച്ചത്.
ഇസ്‌ലാമിക കൂട്ടായ്മകളും സംഘടനകളും ഭിന്നതയും വിഭാഗീയതയും വെടിഞ്ഞ് ഊഷ്മളമായ ബന്ധത്തിലൂടെ ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന ആഹ്വാനവുമായാണ് രണ്ട് ദിവസത്തെ മക്ക ആഗോള ഇസ്‌ലാമിക സമ്മേളനം സമാപിച്ചത്. വിവിധ മതങ്ങൾക്കിടയിലും സമൂഹത്തിലും മാനവിക ഐക്യവും സമാധാനവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമ്മേളനത്തിൻ്റെ പ്രമേയമെന്ന് ഇതിൽ പങ്കെടുത്ത കേരള നദ്‌വത്തുൽ മുജാഹിദീൻ വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കും വിധം മുഫ്തിമാർ മധവിധി നൽകരുത്. മക്കൾ മതനിരാസത്തിലേക്കും സ്വഭാവ ദൂഷ്യങ്ങളിലേക്കും വഴിമാറി പോകാതിരിക്കാൻ കുടുംബങ്ങൾ ജാഗ്രത പുലർത്തണം. ചില രാജ്യങ്ങളിൽ ഖുർആൻ കത്തിക്കുകയും വിദ്വേഷ മുദ്രാവാക്യങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നത് മാനവിക ഐക്യം തർക്കുന്നതാണെന്ന് വിലയിരുത്തിയ സമ്മേളനം, ഖുർആൻ കത്തിച്ച സംഭവത്തെ ശക്തമായി അപലപിച്ചു. ഇസ്‌ലാമിനെ വികൃതമാക്കാൻ ശ്രമിക്കുന്ന തീവ്രവാദ ഭീകരവാദ സംഘങ്ങളെ പ്രതിരോധിക്കാൻ മുസ്‌ലിം സംഘടനകൾ ഒന്നിച്ചു നിൽക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
85 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം പണ്ഡിതനമാർ, മുഫ്തികൾ, ഇസ്‌ലാമിക സംഘടനാ നേതാക്കൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ദ്വിദിന സമ്മേളനത്തിൽ പങ്കെടുത്തു. വിലപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്ത സമ്മേളനത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ നേതാക്കളായ ഡോ. ഹുസൈൻ മടവൂർ, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി എന്നിവർക്ക് പുറമെ ഇന്ത്യയിൽ നന്ന് വിവിധ മേഖലകളിൽ പ്രസിദ്ധരായ മറ്റ് ആറ് പേർ കൂടി പങ്കെടുത്തു.
സൗദി ഇസ്‌ലാമികകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് ആലുംശൈഖ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഇരു ഹറം മതകാര്യ വിഭാഗം മേധാവി, മക്കാ ഗവർണർ, റാബിത്വതുൽ ആലമിൽ ഇസ്‌ലാമി സെക്രട്ടരി ജനറൽ തുടങ്ങി നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു.
Adjust Story Font
16