ആഗോള സമ്പദ് വ്യവസ്ഥകളുമായി മത്സരിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ ശ്രമിക്കണം - സൗദി നിക്ഷേപ മന്ത്രി
പ്രധാന സമ്പദ് വ്യവസ്ഥകളുമായി ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശേഷി സൗദിക്കുണ്ടെങ്കിലും മേഖലയെ ശക്തിപ്പെടുത്തി മുന്നേറുകയാണ് ലക്ഷ്യം
ദമ്മാം: പ്രമുഖ ആഗോള സമ്പദ് വ്യവസ്ഥകളുമായി മത്സരിക്കുന്നതിനുള്ള ഒരു സ്തംഭമായി ഗൾഫ് രാഷ്ട്രങ്ങളുടെ സഹകരണം വർത്തിക്കണമെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. ചൈന, ഇന്ത്യ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ പ്രധാന സമ്പദ്‌വ്യവസ്ഥകളെ നേരിടുന്നതിന് ഗൾഫ് രാജ്യങ്ങളുമായുള്ള സംയോജനം വർദ്ധിപ്പിക്കും.
ഇതോടൊപ്പം എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയും ഉൾപ്പെടുത്തുന്നതിനും സഹകരണം വിപുലീകരിക്കാനും സൗദി അറേബ്യ ശ്രമിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. മനാമയിൽ സംഘടിപ്പിച്ച ഗേറ്റവേ ഗൾഫ് ഇൻവെസ്റ്റ്‌മെന്റ് ഫോറം ബഹ്‌റൈൻ 2024-ന്റെ രണ്ടാം പതിപ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന സമ്പദ്‌വ്യവസ്ഥകളുമായി ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശേഷി സൗദിക്കുണ്ടെങ്കിലും മേഖലയെ ശക്തിപ്പെടുത്തി മുന്നേറുകയാണ് ലക്ഷ്യം.
മേഖലയിൽ സാമ്പത്തിക വൈവിധ്യവൽക്കരണം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും എണ്ണയെ ആശ്രയിക്കുന്നതിൽ നിന്ന് മാറേണ്ടതുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. സൗദിയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ എണ്ണ ഇതര മേഖലയുടെ സംഭാവന 53 ശതമാനത്തിലെത്തി, അതേസമയം എണ്ണയെ ആശ്രയിക്കുന്ന സർക്കാർ വരുമാനത്തിന്റെ ശതമാനം 90 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16